vijaya
തിരുവല്ല പെരുന്തുരുത്തി ഇടിഞ്ഞില്ത്തെ വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തി ഇടിഞ്ഞില്ലത്ത് നിർമ്മിച്ച വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം 21 ന് നടക്കുമെന്ന് മാനേജിംഗ് ഡയറക്ടർ കെ.പി. വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാവിലെ 9.30 ന് കൺവെൻഷൻ സെന്ററിൽ ചേരുന്ന സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി അദ്ധ്യക്ഷത വഹിക്കും. കൺവൻഷൻ സെന്റർ മന്ത്രി പി. രാജീവും പെരിയാർ ഹാൾ മന്ത്രി വി.എൻ. വാസവനും നിള ഹാൾ മന്ത്രി വീണാ ജോർജും പമ്പ ഹാൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും കബനി ഹാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപനും കോൺഫറൻസ് ഹാൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജീവകാരുണ്യ പദ്ധതികൾ മുൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ. പി.ജെ. കുര്യനും ഉദ്ഘാടനം ചെയ്യും.

ലോഗോ പ്രകാശനം ജോബ് മൈക്കിൾ എം.എൽ.എ നിർവഹിക്കും. സിനിമ സംവിധായകൻ ബ്ലെസി തിരുവല്ല വെബ്‌സൈറ്റ് ലോഞ്ചിംഗ് നടത്തും.

ആദ്യ ബുക്കിംഗ് കോലഞ്ചേരി ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ചെയർമാൻ ബാബു പോൾ നിർവഹിക്കും. ശിവഗിരിമഠം സെക്രട്ടറി ഋതംബരാനന്ദ സ്വാമി, മലങ്കര കത്തോലിക്ക സഭ ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ശിവഗിരിമഠം ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് മെമ്പർ ഗുരുപ്രസാദ് സ്വാമി, അദ്വൈത തീർത്ഥാനന്ദ സ്വാമി, സിറിയൻ യാക്കോബായ നിരണം ഭദ്രാസനം ബിഷപ് ഡോ. ഗീവറുഗീസ് മാർ കൂറിലോസ്, തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം നിർവീണാനന്ദ സ്വാമി, തിരുവല്ല മുസ്ലീം ജമാ അത്ത് ചീഫ് ഇമാം ഷംസുദീൻ മന്നാനി, അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് തുടങ്ങിയവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ ജനറൽ മാനേജർ അനീഷ് ജോസഫ് വർഗീസും പങ്കെടുത്തു.

പ്രകൃതി ഭംഗിയിൽ നിറഞ്ഞ്

ലക്ഷ്വറി ഹോട്ടൽ, റിസോർട്ട്, കോൺഫറൻസ് സൗകര്യങ്ങളുടെ സമന്വയമാണ് പ്രകൃതി ഭംഗിയിൽ സമൃദ്ധമായ വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ. 11 ഏക്കറിൽ 75,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് സെന്റർ. വിസ്തൃതിയിലും അത്യാധുനിക സൗകര്യത്തിലും മികവ് പുലർത്തുന്ന ഇവിടെ ഒരേസമയം രണ്ട് ഹെലികോപ്ടറുകൾക്ക് പറന്നിറങ്ങാവുന്ന രണ്ട് ഹെലിപാഡുകളും രണ്ടായിരത്തിലധികം ചെറുതും വലുതുമായ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യവുമുണ്ട്. നാലായിരത്തി മുന്നൂറുപേരെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ള നാല് ഹാളുകൾ, 15,000 പേർക്ക് ഇരിക്കാവുന്ന പൊതുസമ്മേളനത്തിന് അനുയോജ്യമായ മൂന്ന് ഏക്കർ വരുന്ന ഗ്രൗണ്ട്, 2500 പേർക്ക് പങ്കെടുക്കാവുന്ന അനുബന്ധ ചെറുമൈതാനം, സ്റ്റാർ ഹോട്ടൽ നിലവാരമുള്ള താമസസൗകര്യത്തിനായി 8 മുറികൾ, അത്യാധുനിക കിച്ചണുകൾ, വ്യത്യസ്ത ഡൈനിംഗ് ഹാളുകൾ, പ്രത്യേക ടോയ്‌ലറ്റ് ബ്ലോക്കുകൾ, സെൻട്രലൈസ്ഡ് എ.സി സംവിധാനം എന്നിവ സെന്ററിന്റെ പ്രത്യേകതകളാണ്.

മദ്ധ്യതിരുവിതാംകൂറിലെ വ്യത്യസ്ത ആഘോഷങ്ങൾക്കും കൂടിച്ചേരലുകൾക്കും ചടങ്ങുകൾക്കും സാംസ്‌കാരിക രാഷ്ട്രീയ സംഗമങ്ങൾക്കുമുള്ള സമ്പൂർണവേദി എന്ന വിശാലമായ ലക്ഷ്യമാണ് കൺവെൻഷൻ സെന്ററിന്റെ മികവിന് നിദാനമെന്ന് മാനേജിംഗ് ഡയറക്ടർ കെ.പി. വിജയൻ പറഞ്ഞു. തിരുവല്ല വെൺപാല സ്വദേശിയായ കെ.പി. വിജയൻ ദുബായിൽ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നു. ലഭിക്കുന്ന വരുമാനത്തിൽനിന്ന് നിശ്ചിത വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇദ്ദേഹം വിനിയോഗിക്കുന്നുണ്ട് .