ആലപ്പുഴ: ജൈവ മാലിന്യ സംസ്കരണത്തോടൊപ്പം ലോക ബാങ്കിന്റെ സഹായത്തോടെ ആലപ്പുഴ നഗരത്തിൽ ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങൾക്കായി പുതിയ പദ്ധതി വരുന്നു. മൂന്ന് ഘട്ടങ്ങളിലായി ആറുവർഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിക്ക് 30കോടി രൂപയാണ് ചെലവ് . ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്താരംഭിക്കുന്ന ഖരമാലിന്യസംസ്‌കരണ പദ്ധതിയുടെ ആദ്യഘട്ടത്തിലാണ് ആലപ്പുഴ നഗരസഭയും ഇടംപിടിച്ചത് .ഓരോ ദിവസവും നഗരം പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവനുസരിച്ച് സംസ്‌കരിക്കാൻ സംവിധാനമില്ല. ഇതിനു പരിഹാരമായാണ് കാര്യക്ഷമമായ പ്ലാന്റുകളും യൂണിറ്റുകൾ ആരംഭിക്കുന്നത്. ആദ്യഘട്ടം നടപ്പാക്കുന്നതിനായി ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം നഗരസഭയ്ക്കു ലഭിച്ചു. മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്.
.......
# ആദ്യഘട്ടം
ആദ്യഘട്ടത്തിൽ 2.20 കോടിയുടെ സഹായം ലഭിക്കും. നിലവിലുള്ള പദ്ധതികളുടെ പരിപാലനം, ആധുനികീകരണം തുടങ്ങിയവയാണ് ലക്ഷ്യം. ഇതിനോടനുബന്ധിച്ച് ആലിശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള സംവിധാനം വിപുലീകരിക്കും. ഇതിനായി 75 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
...
# രണ്ടാംഘട്ടം
രണ്ടാംഘട്ടത്തിൽ മാലിന്യസംസ്‌കരണത്തിന് പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനാണു സഹായം. വിനോദസഞ്ചാരകേന്ദ്രമായ പുന്നമട, സീവ്യൂ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് ശേഖരണത്തിനായി സംവിധാനമൊരുക്കും. വഴിച്ചേരി വാട്‌സൺ പാർക്കിലും പൊതുയിടങ്ങളിലും സ്‌കൂളുകളിലും മറ്റും മാലിന്യശേഖരണത്തിനായി പ്ലാന്റുകൾ ആരംഭിക്കും. 10 എയ്രോബിക് യൂണിറ്റ് സ്ഥാപിക്കും.
# മൂന്നാംഘട്ടം
മൂന്നാംഘട്ടത്തിൽ ആധുനികീകരണവും വീകേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള പദ്ധതികളാകും ഒരുക്കുക. പദ്ധതി കാര്യക്ഷമമായി നടപ്പാക്കപ്പെടുന്നതോടെ പൊതുയിടങ്ങളിലേക്കെത്തുന്ന ഖരമാലിന്യം കാര്യക്ഷമമായി സംസ്‌കരിക്കാനാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
"അഴകോടെ ആലപ്പുഴ എന്ന ലക്ഷ്യത്തിൽ എത്തിക്കാൻ ജൈവമാലിന്യ സംസ്കരണത്തോടൊപ്പം ഖരമാലിന്യ സംസ്കരണവും നടത്തി ശുചിത്വ നഗരമാക്കുകയാണ് ലക്ഷ്യം. നഗരസഭ പൊതുജനങ്ങളുടെ സഹകരണം ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
സൗമ്യാരാജ്, ചെയർപേഴ്സൺ, ആലപ്പുഴ നഗരസഭ