b
ബീച്ചിൽ മാലിന്യങ്ങൾ കത്തിക്കുന്നു

ആലപ്പുഴ: പ്രതിദിനം ആയിരക്കണക്കിന് സഞ്ചാരികളുൾപ്പടെ എത്തുന്ന ആലപ്പുഴ ബീച്ചിൽ തലവേദനയായി തീയും പുകയും. ദിവസവും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനെതിരെ പരാതി പ്രവാഹമാണ്. ഡി.ടി.പി.സി ചുമതലപ്പെടുത്തിയ കുടുംബശ്രീ തൊഴിലാളികളാണ് മാലിന്യം കത്തിക്കുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ, ബീച്ചിൽ പ്രവർത്തിക്കുന്ന തട്ടുകടക്കാരാണ് ഇതിന് പിന്നിലെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. സ്ഥിരം സംഭവമായതോടെ, ആലപ്പുഴക്കാരുടെ ഫെയ്ബുക്ക് കൂട്ടായമയായ വോയ്സ് ഒഫ് ആലപ്പുഴയുടെ അഡ്മിൻ എച്ച്.അനസ് മലിനീകരണ നിയന്ത്രണ ബോർഡിന് വീഡിയോ തെളിവ് സഹിതം പരാതി നൽകി. പ്രഭാതസവാരിക്കാരെത്തുന്ന സമയങ്ങളിലാണ് മാലിന്യങ്ങൾ കത്തിക്കുന്നത്. വ്യായാമത്തിനും, പരിശീലനത്തിനുമെത്തുന്നർക്ക് ഇത് മൂലം ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയാണ്. ബീച്ചിലെ കരിയിലകളും പ്ലാസ്റ്റിക്കും നീക്കം ചെയ്യുന്നതിന് ഡി.ടി.പി.സി ചുമതലപ്പെടുത്തിയ കുടുംബശ്രീ തൊഴിലാളികൾ മാലിന്യം കത്തിക്കാറില്ലെന്നാണ് അധികൃതർ പറയുന്നത്. അമല ഇക്കോ ക്ലിനീക്ക് എന്ന ഏജൻസിക്ക് മാലിന്യം കൈമാറുകയാണ് പതിവ്. പ്രതിമാസം മാലിന്യ ശേഖരണത്തിന് തൊഴിലാളികൾക്ക് ഏഴര ലക്ഷം രൂപ ശമ്പളവും നൽകുന്നുണ്ട്. പോർട്ടിന്റെ ലൈസൻസ് ഉപയോഗിച്ച് ബീച്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കടകളാണ് മാലിന്യം കത്തിക്കുന്നതെന്നാണ് ഡി.ടി.പി.സി ആരോപിക്കുന്നത്.

.......

പോർട്ട് നടപടി സ്വീകരിക്കണം

പോർട്ട് ലൈസൻസ് ഉപയോഗിച്ച് ധാരാളം കടകളാണ് ബീച്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ഈ കടകളിൽ നിന്നുള്ള പ്രതിദിന മാലിന്യം കൃത്യമായി നിർമ്മാ‌ർജ്ജനം ചെയ്യുന്നുണ്ടെന്ന് പോർട്ട് അധികൃതർ ഉറപ്പുവരുത്തണം.

............

''ഡി.ടി.പി.സി ചുമതലപ്പെടുത്തിയിരിക്കുന്ന തൊഴിലാളികൾ മാലിന്യങ്ങൾ കത്തിക്കുന്നില്ല. ബീച്ചിൽ പ്രവ‌ർത്തിക്കുന്ന കടകളിൽ നിന്നുള്ള മാലിന്യങ്ങൾ കൃത്യമായി ഒഴിവാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മാലിന്യ പ്രശ്നത്തിന് പല തവണ പരാതി പറഞ്ഞതാണ്. ജില്ലാ കളക്ടറെ വിവരം ധരിപ്പിക്കും.

(ഡി.ടി.പി.സി സെക്രട്ടറി)