karshaka-award
മാന്നാർ ഗ്രാമപഞ്ചായത്തിലെ മികച്ച നെൽകർഷകൻ മാന്നാർ കുട്ടംപേരൂർ ചാങ്ങവിളയിൽ വി.കെ. കുമാരന് മംഗലത്തേത്ത് കാട്ടിൽ കരുണാകരൻ മെമ്മോറിയൽ അവാർഡ് മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസും കെ.വേണുഗോപാലും ചേർന്ന് നൽകുന്നു

മാന്നാർ: പഞ്ചായത്തിലെ മികച്ച കർഷകനും മികച്ച കുടുംബശ്രീക്കും മാതാപിതാക്കളുടെ സ്മരണാർത്ഥം അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുകയാണ് മാന്നാർ കുട്ടമ്പേരൂർ മംഗലത്തേത്ത്കാട്ടിൽ കെ.വേണുഗോപാൽ. ഗുരുവായൂർ മുൻ അഡ്മിനിസ്ട്രേറ്ററും നിലവിൽ തിരുവനന്തപുരം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് കൺട്രോളർ കൂടിയായ വേണുഗോപാൽ മാതാപിതാക്കളായ പി.കരുണാകരൻ നായരുടെയും പി.പി. രാജമ്മയുടെയും സ്മരണാർത്ഥമാണ് കർഷക അവാർഡുകൾ നൽകിയത്.

5001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. പാരമ്പര്യമായി നെൽകൃഷി ചെയ്തിരുന്ന കുടുംബത്തിലെ ഒരംഗമെന്ന നിലയിലും കൃഷിയെ സ്നേഹിച്ചിരുന്ന മാതാപിതാക്കളുടെ സ്മരണ നിലനിറുത്തി കാർഷികദിനം ആചരിക്കണമെന്ന ആഗ്രഹത്തിലുമാണ് അവാർഡ് നൽകാവാൻ തീരുമാനിച്ചതെന്ന് കെ.വേണുഗോപാൽ പറഞ്ഞു. തുടർന്നുള്ള വർഷങ്ങളിലും അവാർഡു നൽകും.

മംഗലത്തേത്ത് കാട്ടിൽ കരുണാകരൻ മെമ്മോറിയൽ അവാർഡിന് മികച്ച നെൽകർഷകൻ മാന്നാർ കുട്ടംപേരൂർ ചാങ്ങവിളയിൽ വി.കെ കുമാരനും മംഗലത്തേത്ത് കാട്ടിൽ പി.പി രാജമ്മ മെമ്മോറിയൽ അവാർഡിന് പച്ചക്കറികൃഷിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മാന്നാർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ ധനശ്രീ കുടുംബശ്രീയും അർഹരായി. ഗ്രാമപഞ്ചായത്ത് കർഷകദിനാചരണ ചടങ്ങിൽമാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസും കെ.വേണുഗോപാലും ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു.