ആലപ്പുഴ : ആലപ്പുഴ നഗരസഭയുടെ കീഴിലെ ചാത്തനാട്ടെ പൊതു ശ്മശാനത്തിൽ ഗ്യാസ് ഉപയോഗിച്ചുള്ള സംസ്കാരത്തിന് ആധുനിക സൗകര്യമുണ്ടെങ്കിലും ആശ്രയം ഇപ്പോഴും വിറക് തന്നെ. സാങ്കേതിക തകരാറിനെത്തുടർന്ന് ഇവിടുത്തെ ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തന രഹിതമായി കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് മാസമായി.
30 ലക്ഷത്തോളം രൂപമുടക്കി നിർമ്മിച്ച ക്രിമറ്റോറിയമാണ് നിലവിൽ തുരുമ്പെടുക്കുന്നത്. ശ്മശാനം ജനവാസ കേന്ദ്രത്തിലായതിനാൽ ഇവിടെ നിന്നുയരുന്ന പുകയും മണവും പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. വിറകിൽ സംസ്ക്കാരം നടത്താൻ അഞ്ച് മണിക്കൂറോളം സമയം ആവശ്യമാണ്. ഗ്യാസ് ഉപയോഗിച്ചിരുന്ന സമയത്ത് ഒരു മണിക്കൂറിനുള്ളിൽ സംസ്ക്കാരം പൂർണമാകുമായിരുന്നു. പ്രദേശവാസികൾ മാലിന്യ പ്രശ്നവും നേരിട്ടിരുന്നില്ല.
പ്രശ്നപരിഹാരം ഉടൻ
ഗ്യാസ് ക്രിമറ്റോറിയത്തിന്റെ അറ്റകുറ്റപ്പണിക്കും, പുതിയ ഒരു ക്രിമറ്റോറിയം കൂടി പണിയുന്നതിനും ടെൻഡർ വിളിച്ചിട്ടുണ്ടെന്ന് തോണ്ടൻകുളങ്ങര വാർഡ് കൗൺസിലർ രാഖി രജികുമാർ പറഞ്ഞു. ടെൻഡർ ലഭിക്കുന്ന മുറയ്ക്ക് പ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷയിലാണ് അധികൃതർ. പുക ഫിൽട്ടർ ചെയ്യുന്ന ടാങ്കിന് ചോർച്ചയുണ്ടായതിനെ തുടർന്നാണ് ക്രിമറ്റോറിയത്തിന്റെ പ്രവർത്തനം നിർത്തിയത്.
പദ്ധതിച്ചെലവ്
പുതിയ ഗ്യാസ് ക്രിമറ്റോറിയം - 30 ലക്ഷം
പഴയത് അറ്റകുറ്റപ്പണി - 2 ലക്ഷം
ശ്മശാന നവീകരണം - 10 ലക്ഷം
സംസ്ക്കാര നിരക്ക്
ഗ്യാസ് ക്രിമറ്റോറിയം - 3500 രൂപ
വിറക് - 4500 രൂപ
പുതിയ ഗ്യാസ് ക്രിമറ്റോറിയം പണിയാനുൾപ്പടെയാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. നടപടികൾ പൂർത്തിയാക്കുന്നതോടെ പ്രശ്നപരിപാരമാകും
രാഖി രജികുമാർ, കൗൺസിലർ, ഇരട്ടക്കുളങ്ങര വാർഡ്