hj
തിരുമല വാർഡിലെ പാതികുളം പ്രദേശത്തെ ജനങ്ങൾ രാത്രിയിൽ പൊതു പൈപ്പിൽ വെള്ളം വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു

കുടിവെള്ളം കിട്ടാതെ പാതികുളം പ്രദേശം

ആലപ്പുഴ: നിരന്തരം പരാതികൾ നൽകിയിട്ടും തകരാറുള്ള പൈപ്പുകൾ മാറ്റാനോ പുതിയ കണക്ഷൻ നൽകാനോ വാട്ടർ അതോറിട്ടി അധികൃതർ താത്പര്യം പ്രകടിപ്പിക്കാതായതോടെ, ആലപ്പുഴ നഗരസഭയിലെ തിരുമല വാർഡിലെ പാതികുളം പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ മാസങ്ങളായി കുടിവെള്ളം കിട്ടാതെ വലയുന്നു.

ഏറെ കാലപ്പഴക്കമുള്ള പൈപ്പുകളിലെ ചോർച്ചയാകാം കുടിവെള്ളം കിട്ടാതിരിക്കാൻ കാരണമെന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ചോർച്ച കണ്ടു പിടിക്കാനോ പരിഹരിക്കാനോ നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചില രാത്രികളിൽ ടാപ്പുകളിൽ നൂല് പോലെ വെള്ളമെത്തുന്നത് മാത്രമാണ് ഏക ആശ്രയം. പക്ഷേ, വെള്ളമെത്തുന്നതും പ്രതീക്ഷിച്ച് എല്ലാ ദിവസവും ഉറക്കമിളച്ച് കാത്തിരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.

ജനപ്രതിനിധികൾ വഴി പരാതികൾ അധികൃതർക്ക് മുന്നിൽ എത്തിച്ചിട്ടും പരിഹാരമുണ്ടാകുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. അമൃത് പദ്ധതിയിലോ ജൽജീവൻ മിഷൻ പദ്ധതിയിലോ ഉൾപ്പടുത്തി കണക്‌ഷൻ നൽകാമെന്ന് വാഗ്ദാനം നൽകി പോയതല്ലാതെ അധികൃതർ പിന്നെ ഈ വഴി തിരിഞ്ഞു നോക്കിയിട്ടില്ലെന്ന്പ്രദേശവാസികൾ പരാതിപ്പെടുന്നു.

കഴിഞ്ഞ ഒരു മാസക്കാലമായി തീരെ വെള്ളം ലഭിക്കാത്ത അവസ്ഥയാണ്.കുടിവെള്ളമെന്ന അടിസ്ഥാന ആവശ്യം പോലും ഇവിടുത്തുകാർക്ക് നിഷേധിക്കുന്നത് പ്രതിഷേധാർഹമാണ്

- സി.കെ,ബാലു, പ്രദേശവാസി

ആലപ്പുഴ കുടിവെള്ള പദ്ധതി :പൈപ്പ് മാറ്റൽ വേഗത്തിലാക്കും

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ തകഴിയിലെ പൈപ്പ് മാറ്റൽ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ ജല അതോറിട്ടി ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം. കഴിഞ്ഞ 11നാണ് ഗുണനിലവാരമില്ലാത്ത പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത് പുനരാരംഭിച്ചത്. റെയിൽവേ ക്രോസിനും ക്ഷേത്രം ജംഗ്‌ഷനും ഇടയിലാണ് ഇപ്പോൾ പൈപ്പിടൽ നടക്കുന്നത്. മഴ മാറി നിന്നാൽ സെപ്‌തംബർ അവസാനത്തോടെ ജോലികൾ പൂർത്തിയാകും. പദ്ധതി കമ്മിഷൻ ചെയ്‌ത ശേഷം 72 തവണയാണ് പൈപ്പ് പൊട്ടിയത്.