 
ആലപ്പുഴ: എൻജിനീയർ കുപ്പായം അഴിച്ച് കാർബൺ മുക്ത - പോളിയോ മുക്ത സമൂഹം, ലോക സമാധാനം എന്നീ ആശയങ്ങളുമായി ലണ്ടനിലേക്ക് സൈക്കിൾ യാത്ര ആരംഭിച്ച കോഴിക്കോട്സ്വദേശി ഫായിസ് അഷ്റഫ് അലി (35) ആലപ്പുഴയിലെത്തി. സ്വാതന്ത്ര്യ ദിനത്തിൽ തലസ്ഥാന നഗരിയിൽ നിന്നാണ് ഫായിസ് യാത്ര ആരംഭിച്ചത്. അടുത്ത 450 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനമായ ലണ്ടനിൽ എത്തിച്ചേരുവാനുള്ളതാണ് പര്യടനം. മുപ്പതിനായിരം കിലോമീറ്റർ 35 രാജ്യങ്ങളിലൂടെ സഞ്ചരിക്കും. വിപ്രോയിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന ഫായിസ് ജോലി രാജിവച്ചാണ് സൈക്കിൾ റൈഡിന് പുറപ്പെട്ടിരിക്കുന്നത്. മുമ്പ് 8000 കിലോമീറ്റർ 8 രാജ്യങ്ങളിലൂടെ സഞ്ചരിച്ച അനുഭവ സമ്പത്താണ് കരുത്തായുള്ളത്. ആലപ്പുഴയിൽ എത്തിയ ഫായിസിന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ, ആലപ്പി ഈസ്റ്റ് റോട്ടറി ക്ലബ് സംയുക്തമായി രാമവർമ്മ ക്ലബിൽ സ്വീകരണം നൽകി. സമ്മേളനം എച്ച്.സ്ഥലം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കുര്യൻജെയിംസ്, സി.ടി.സോജി, കെ.നാസർ, എസ്.വിനോദ് കുമാർ, എ.എൻ പൂരം ശിവകുമാർ, ഗോപാൽ ഗിരീഷ്, ജി. അനിൽകുമാർ എന്നിവർ പങ്കെടുത്തു കേരളത്തിൽ നിന്നും സൈക്കിളിൽ റോഡ് മാർഗം മുംബായ് വരെയും അവിടെനിന്ന് വിമാനമാർഗം ഒമാനിലേക്കും, തുടർന്ന് എല്ലാ ജി.സി.എസ് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളുംലും സന്ദർശിച്ച് 450 ദിവസത്തിന് ശേഷം യാത്ര വിജയകരമായി പൂർത്തിയാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഫായിസ് പറഞ്ഞു. ഡോ. അസ്മിനാണ് ഭാര്യ. മക്കൾ: ഫഹ്സിൻ ഒമർ, ഐസിൻ നഹേൽ.