ksrtc
ഡീസൽ എത്തിത്തുടങ്ങി, ആനവണ്ടിക്ക് പ്രതീക്ഷ

ആലപ്പുഴ : ജില്ലയിലെ ഡിപ്പോകളിൽ ഡീസൽ എത്തിത്തുടങ്ങിയതോടെ, ഡീസൽ ക്ഷാമം മൂലം കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങുന്ന പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകുമെന്ന് പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെ നൂറുകണക്കിന് സർവീസുകൾ വെട്ടിക്കുറച്ചപ്പോൾ ഗതാഗത ക്ലേശം രൂക്ഷമായിരുന്നു. അടുത്ത ദിവസം സർവീസ് നടത്താനുള്ള ഇന്ധനം ലഭിക്കുമോ എന്ന ആശങ്കയിലാണ് മിക്ക ദിവസങ്ങളിലും സർവീസ് അവസനാനിപ്പിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.

അത്യാവശ്യത്തിന് മാത്രം ഇന്ധനം അടിച്ച് യാത്ര ആരംഭിക്കുന്ന വാഹനങ്ങൾ പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം കളക്ഷൻ തുക ഉപയോഗിച്ച് സ്വകാര്യ പമ്പുകളിൽ കയറി ഡീസൽ അടിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഓടിയത്. തിരക്ക് കൂടുതലുള്ള രാവിലയും വൈകിട്ടുമാണ് യാത്രക്കാർ ഏറെ വലഞ്ഞത്.

നോ സ്റ്റോക്ക്

 ജില്ലയിലെ മിക്ക ഡിപ്പോകളിലും ഇന്ധനം സ്റ്റോക്കില്ലാത്ത അവസ്ഥ

 ഏഴ് ഡിപ്പോകളുള്ളതിൽ രണ്ടിടങ്ങളിൽ മാത്രമായിരുന്നു കഴിഞ്ഞ ദിവസം സ്റ്റോക്കുണ്ടായിരുന്നത്

 പ്രധാന ഡിപ്പോയായ ആലപ്പുഴയിൽ പകുതിയോളം സർവീസുകൾ കഴിഞ്ഞ ദിവസം മുടങ്ങി

 മുന്നറിയിപ്പില്ലാതെ സർവീസുകൾ നിലച്ചതോടെ വ്യാപക പ്രതിഷേധവുമുയർന്നു.

നഷ്ട ട്രിപ്പുകൾക്ക് കട്ട്

ഒരു കിലോമീറ്ററിന് 35 രൂപയിൽ കുറയാതെ വരുമാനം ലഭിക്കുന്ന ട്രിപ്പുകൾ മാത്രം നടത്താനായിരുന്നു മുകൾത്തട്ടിൽ നിന്ന് ജീവനക്കാർക്ക് ലഭിച്ചിരുന്ന നിർദ്ദേശം. സ്വിഫ്റ്റ് ബസുകളുടെ സർവീസുകൾ മുടക്കിയില്ല.

ഡിപ്പോകളിൽ ഡീസൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്ധനക്ഷാമത്തെ തുടർന്ന് ട്രിപ്പ് വെട്ടിക്കുറയ്ക്കുന്ന അവസ്ഥ തൽക്കാലം ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു. അതത് ഡിപ്പോകളുടെ ആവശ്യപ്രകാരം 9000 മുതൽ 15000 ലിറ്റർ വരെ ഇന്ധനം സ്റ്റോക്ക് ചെയ്യുന്നുണ്ട്

-അശോക് കുമാർ, എ.ടി.ഒ, ആലപ്പുഴ

സർവീസുകൾ കുറഞ്ഞതോടെ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. സ്റ്റോപ്പിൽ മണിക്കൂറുകളോളം കാത്തു നിന്നാലാണ് ബസ് ലഭിക്കുക. ജോലിക്കാരും വിദ്യാർത്ഥികളും യാത്ര ചെയ്യുന്ന സമയത്തെങ്കിലും കൂടുതൽ സർവീസുകൾ നടത്തിയാൽ ഉപകാരമാകും

- ഷൈനി, മാവേലിക്കര