 
വിനയായത് മൂന്ന് പതിറ്റാണ്ട് മുമ്പ് ദേവസ്വം ബോർഡ് നടത്തിയ നിർമ്മാണം
മാവേലിക്കര : പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള വലിയകുളത്തിന്റെ പുനരുദ്ധാരണം നടത്തണമെന്ന് ആവശ്യം ശക്തമാകുന്നു.
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനു തെക്കുവശം ഒന്നര ഏക്കറിൽ പ്രൗഢമായി സ്ഥിതി ചെയ്തിരുന്ന ശുദ്ധജലാശയമായിരുന്ന വലിയകുളം ഇന്ന് മാവേലിക്കരക്ക് ഒരു ശാപമായി മാറി.
നാലു വശങ്ങളിലും പ്രവേശന മാർഗങ്ങളും വീതിയേറിയ പടവുകളും തെക്കുവശത്തായി വലിയകുളപ്പുരയും കുളത്തിനുണ്ടായിരുന്നു. ഇതിന്റെ അടിത്തട്ടിലുള്ള നാല് വലിയ കിണറുകളും ജലനിർഗമന മാർഗ്ഗങ്ങളും കുളം ആസൂത്രിതമായി നിർമ്മിച്ചതാണെന്നതിന് തെളിവായിരുന്നു. ഏതു വേനലിലും ജലനിരപ്പിനു യാതൊരു കുറവും സംഭവിക്കാതെ ഈ പ്രദേശത്തെ കിണറുകൾ നിറക്കുന്ന ഒരു വലിയ സംഭരണിയായിരുന്നു ഈ ജലാശയം. മൂന്നു പതിറ്റാണ്ടിനു മുമ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ ജലാശയത്തിൽ നടത്തിയ നിർമ്മാണ പ്രവർത്തനമാണ് വലിയകുളത്തിന്റെ ഇന്നത്തെ ശോച്യാവസ്ഥക്കു കാരണം. കെട്ടിടം കൊണ്ട് മറഞ്ഞതോടെ കുളം ഒരു മാലിന്യ സംഭരണിയായി പരിണമിച്ചു. മാവേലിക്കര നിവാസികൾക്ക് പരോക്ഷമായി അരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ഇന്ന് ഈ കുളം. പടവുകളും കുളപ്പുരയും ഇടിഞ്ഞു നശിച്ച അവസ്ഥയിലാണ്. ഒരു ജലനിർഗ്ഗമന മാർഗമുണ്ടായിരുന്നത് കെട്ടിട നിർമ്മാണങ്ങളിലൂടെ അടഞ്ഞു. കുളത്തിന്റെ പഴയ പ്രതാപാവസ്ഥ തിരികെകൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉൾപ്പെടെ സമീപമുള്ള അഞ്ചു ക്ഷേത്രങ്ങളിലും ദർശനത്തിനു വരുന്ന ഭക്ത ജനങ്ങളും വിശ്വാസികളും ഈ ജലാശയം ഉപയോഗിച്ചു വന്നിരുന്നതാണ്. കുളത്തിന്റെ പവിത്രത നിലനിറുത്തി നാലുവശത്തും സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.
പുതിയ പ്രതീക്ഷകൾ
1) കുളത്തിന്റെ പുനരുദ്ധാരണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ ദേവസ്വം ബോർഡ് അസി.എൻജിനിയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
2) നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നവീകരിക്കാൻ നഗരസഭ കൗൺസിൽ പദ്ധതി സമർപ്പിച്ചു.
3) വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് എം.എൽ.എയും അറിയിച്ചിട്ടുണ്ട്.
ഷോപ്പിംഗ് കോപ്ളക്സിൽ നിന്നും ദേവസ്വം ബോർഡ് കോടിക്കണക്കിനു രൂപയുടെ ആദായമുണ്ടാക്കിയിട്ടുണ്ട്. മാവേലിക്കരയിലുള്ള ഒട്ടുമിക്ക കുളങ്ങളും സർക്കാർ അധീനതയിലായതിനാൽ സർക്കാർ ഫണ്ടുപയോഗിച്ച് ഉപയോഗപ്രദമാക്കുന്നുണ്ട്. എന്നാൽ വലിയകുളം ദേവസ്വം ബോർഡിന്റെ അധീനതയിലായതിനാൽ അവഗണിക്കപ്പെട്ടു. ദേവസ്വം ബോർഡ് പ്രസിഡന്റിന് പൗരസമിതി ഭീമ ഹർജി സമർപ്പിച്ചിരുന്നു. എം.എൽ.എയ്ക്കും ഇതുമായി ബന്ധപ്പെട്ട് നിവേദനം നൽകി. നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷ.
- കുട്ടൻ നായർ, സെക്രട്ടറി, മാവേലിക്കര പൗരസമിതി.