ആലപ്പുഴ : ആളില്ലാതിരുന്ന വീടിന്റെ ജനൽ കുത്തിത്തുറന്ന് പണവും സ്വർണവും മോഷ്ടിച്ചു. പവർ ഹൗസ് വാർഡ് കളത്തിൽ പുരയിടം വീട്ടിൽ കെ.ആർ.ജോസഫിന്റെ വീട്ടിൽ നിന്നാണ് 4000 രൂപയും രണ്ട് ഗ്രാം സ്വർണവും നഷ്ടപ്പെട്ടത്. മുൻവശത്തെ വാതിൽ പൊളിക്കാനും ശ്രമം നടന്നു. വീട്ടിലെ നാല് അലമാരകൾ തകർത്ത് തുണിയും മറ്റ് സാമഗ്രികളും വാരിവലിച്ചിട്ട നിലയിലായിരുന്നു. കെ.ആർ. ജോസഫ് ചികിത്സാ സംബന്ധമായി കഴിഞ്ഞ നാല് ദിവസങ്ങളായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റാണ്. ദിവസങ്ങൾക്ക് മുൻപ് വിദേശത്ത് നിന്നെത്തിയ മകൻ ടിജോയാണ് ആശുപത്രിയിൽ കൂട്ടിരിക്കുന്നത്. ഇന്നലെ രാവിലെ 11.30ന് ടിജോ വീട്ടിലെത്തിയപ്പോഴാണ് ജനൽ പാളി തകർത്ത നിലയിൽ കാണ്ടത്. ടിജോയുടെ മകനും പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വിദേശത്ത് നിന്നും കൊണ്ടു വന്ന ബാഗും ലാപ്‌ടോപ്പും നഷ്ടപ്പെട്ടിട്ടില്ല. സമീപത്തുള്ള വീടുകളിലും ആരുമില്ലാതിരുന്നത് അറിയുന്നവരാകാം മോഷണം നടത്തിയതെന്നാണ് നിഗമനം. നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും ഫോറൻസിക് സംഘവും പരിശോധന നടത്തി.