ചേർത്തല:കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് കരപ്പുറം ഓണവിസ്മയം 2022 എന്നപേരിൽ കാർഷിക,വ്യവസായ,വിപണന,വിജ്ഞാന മേള ഒരുക്കും. സെപ്തംബർ ഒന്നു മുതൽ ആറുവരെ ബ്ലോക്ക് പഞ്ചായത്ത് മൈതാനിയിലാണ് മേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാർഷിക മേഖലക്ക് പ്രാധാന്യം നൽകി ഇടനിലക്കാരില്ലാതെ സാധാരണക്കാരിലേക്ക് നേരിട്ട് ഉത്പന്നങ്ങളെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് മേള.
വിപണനത്തിനൊപ്പം വിജ്ഞാനവും വിനോദവുമൊരുക്കി ഓണോത്സവമാക്കാനാണ് ലക്ഷ്യമിടുന്നത്.സർക്കാർ തലത്തിലുള്ള സ്റ്റാളുകൾക്കൊപ്പം ഗ്രാമപഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും സ്റ്റാളുകളുമുണ്ടാകും.സ്വകാര്യ സ്ഥാപനങ്ങൾക്കും സംരംഭകർക്കും സ്റ്റാളിനുള്ള സൗകര്യവും ഒരുക്കും.
വിജ്ഞാനത്തിനും വിനോദത്തിനുമായി എല്ലാ ദിവസവും മത്സരങ്ങളും വിവിധ വിഷയങ്ങളിൽ സെമിനാറുകളും കലാപരിപാടികളും നടത്തും. ഒന്നിന് ടീം ഇനത്തിൽ അത്തപ്പൂക്കള മത്സരം, രണ്ടിന് സെമിനാർ, തിരുവാതിരകളിമത്സരം.3ന് ചിത്രരചന, പ്രഛന്നവേഷ,മിമിക്രി മത്സരം,4ന് നാടൻപാട്ട് മത്സരം,5ന് പ്രസംഗം,നാടോടിനൃത്തം,കുച്ചുപ്പടി മത്സരം.6ന് സ്ത്രീകൾക്കും പുരുഷന്മാർക്കം വടംവലിമത്സരം എന്നിവയാണ് ഒരുക്കുന്നത്. മത്സരങ്ങൾക്കും വിവരങ്ങൾക്കും ഓൺലൈൻ രജിസ്‌ട്രേഷന് 8075464559,9526454593 എന്ന നമ്പരിൽ ബന്ധപ്പെടുക.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ,ബി.ഡി.ഒ സി.വി.സുനിൽ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജി.വി.റെജി,ബ്ലോക്ക് പഞ്ചായത്തംഗം എസ്.സിജി,ടി.എസ്.രതീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.