ആലപ്പുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണോദ്ഘാടനം ചേർത്തല മുനിസിപ്പൽ ടൗൺ ഹാളിൽ മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. 5.10 കോടി രൂപയുടെ വായ്പയാണ് ചേർത്തല മേഖലയിൽ മാത്രം നൽകുന്നത്.

ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് സി.ഡി.എസിലെ 21 അയൽക്കൂട്ടങ്ങളിലെ 268 അംഗങ്ങൾക്കായി 2.10 കോടി രൂപയും മാരാരിക്കുളം വടക്ക് പഞ്ചായത്ത് സി.ഡി.എസിലെ 39 അയൽക്കൂട്ടങ്ങളിലെ 25 അംഗങ്ങൾക്കായി മൂന്നു കോടി രൂപയുമാണ് മന്ത്രി കൈമാറിയത്. സ്ത്രീ സ്വാശ്രയത്വം, സംരംഭകത്വം, ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് കോർപ്പറേഷൻ മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി നടപ്പിലാക്കുന്നത്.

ചേർത്തല മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രവർത്തന അവലോകന റിപ്പോർട്ട് കെ.എസ്.ബി.സി.ഡി.സി ജനറൽ മാനേജർ എസ്. സാബു അവതരിപ്പിച്ചു.

എം.എൽ.എ.മാരായ പി.പി ചിത്തരഞ്ജൻ, ദലീമ ജോജോ, ചേർത്തല മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. സുധീഷ്, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായ്, ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിജി, കുടുംബ്രശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജെ. പ്രശാന്ത്ബാബു, സി.ഡി.എസ് ചെയർപേഴ്സണ്മാരായ വിജി രതീഷ്, അനീജി മനോജ്, മെമ്പർ സെക്രട്ടറിമാരായ എം. ജയശ്രീ, ജി. രാമചന്ദ്രൻ, കെ.എസ്.ബി.സി.ഡി.സി മാനേജർ പി.വി. സജിത തുടങ്ങിയവർ പങ്കെടുത്തു.