photo
ചത്തിയറ വി എച്ച്.എസ്.എസിലെ സ്കൂൾ റേഡിയോ സ്റ്റേഷൻ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എൽ ഇനി പഠനത്തോടൊപ്പം റേഡിയോ പരിപാടികളും ആസ്വദിക്കാം. റേഡിയോ മഞ്ചാടിയെന്ന പേരിലാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അക്വസ്റ്റിക് സ്റ്റുഡിയോ ഉൾപ്പെടുന്ന സ്കൂൾ റേഡിയോ സ്റ്റേഷൻ സജമാക്കിയിട്ടുള്ളത്. കുട്ടികൾ തയ്യാറാക്കുന്ന വിനോദ-വിജ്ഞാന വാർത്താ പരിപാടികൾ ഇനി മുതൽ ക്ലാസ് മുറികളിലെത്തും. ജില്ലയിലെ തന്നെ ആദ്യ സ്കൂൾ റേഡിയോ സ്റ്റേഷനാണ് പ്രക്ഷേപണം ആരംഭിച്ചത്. ഉദ്ഘാടനത്തിനെത്തിയ ജില്ലാ കളക്ടർക്ക് കുട്ടികളും അദ്ധ്യാപകരും ഉജ്ജ്വല വരവേൽപ്പാണ് നൽകിയത്. ഉദ്ഘാടന ശേഷം കളക്ടറുമായി അഞ്ചാം ക്ലാസ് വിദ്യാർത്ഥി നിള നടത്തിയ ലൈവ് അഭിമുഖമായിരുന്നു റേഡിയോയുടെ ആദ്യ പ്രോഗ്രാം. തുടർന്ന് നടന്ന പൊതുസമ്മേളനവും കളക്ടർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് എ.കെ.ബബിത പദ്ധതി വിശദീകരിച്ചു പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ , ആകാശവാണി മുൻ പ്രോഗ്രാം ഓഫീസർ മുരളീധരൻ തഴക്കര , ആർ.ജെ.അച്ചു, കെ.എൻ.കൃഷ്ണകുമാർ, എം.ജി.മഞ്ജുനാഥ്, ബി.സിന്ധു , സി.അനിൽകുമാർ, രേഷ്മ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു . മാനേജ്മെന്റ് പ്രതിനിധി കെ.എൻ. അനിൽ കുമാർ കളക്ടർക്ക് ഉപഹാരം നൽകി. പദ്ധതിയുടെ പ്രധാന പ്രവർത്തകനായ അദ്ധ്യാപകൻ ശിവപ്രകാശിനെ കളക്ടർ ആദരിച്ചു.