photo

ചേർത്തല:ഗേൾസ് സ്‌കൂൾ കവലക്ക് കിഴക്ക് വിമല ലോഡ്ജിലെ നാലുകടമുറികൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചു. ശനിയാഴ്ച രാവിലെ 10.30യോടെയായിരുന്നു തീപിടിത്തം.താമസക്കാരടക്കം മുറികളിൽ ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും ഒഴിപ്പിച്ച് തീയണക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. നഗരസഭ 10ാം വാർഡ് മുല്ലപ്പള്ളി തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.കാലപ്പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലെ ബ്ലോക്കിൽ എട്ട് കടമുറികളും അത്ര തന്നെ താമസമുറികളുമാണുണ്ടായിരുന്നത്. 10.30യോടെ അരൂർ സ്വദേശി ജഗദീഷ് നടത്തുന്ന സ്പീഡ് ആൻഡ് സേഫ് കൊറിയർ സർവീസ് സ്ഥാപനത്തിലാണ് ആദ്യം തീപടർന്നത്.പിന്നീട് തീ ആളിപ്പടരുകയായിരുന്നു.കൊറിയർസർവീസ് സ്ഥാപനത്തിലെ സാമഗ്രികൾ പൂർണമായും കത്തി നശിച്ചു.ഇതിലെ നഷ്ടം കണക്കാക്കിവരുന്നതേയുള്ളു.തൊഴിലാളികളടക്കം താമസിക്കുന്ന ഭാഗത്തേക്ക് തീപടരുന്നതിന് മുമ്പേ അണക്കാനായി. വൈദ്യുതിലൈനിലെ തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ചേർത്തലയിലെ മൂന്നു യൂണി​റ്റ് അഗ്നിശമനസേനയെത്തി ഒന്നരമണിക്കൂറുകൊണ്ടാണ് തീയണച്ചത്. രണ്ടു ലക്ഷംരൂപയോളം നഷ്ടമാണ് കണക്കാക്കുന്നത്.
ചേർത്തല അഗ്നിശമനസേനാ സ്​റ്റേഷൻ ഓഫീസർ ഡി.ബൈജു,അസി.ഫയർ ഓഫീസർ പത്മകുമാർ സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസർ ജോസഫ് ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.