കുട്ടനാട് : മൂന്ന് തലമുറകളായി താമസിച്ചു വരുന്ന സ്ഥലത്തിന്റെ പട്ടയം കിട്ടാൻ കർഷകത്തൊഴിലാളിയായ വൃദ്ധൻ ഓഫീസുകൾ കയറിയിറങ്ങുന്നു. പട്ടികജാതി കുടുംബാഗമായ 85കാരൻ പടിഞ്ഞാറെ കുട്ടമംഗലം തട്ടുങ്കൽ പുതുവൽ തങ്കപ്പനാണ് ദുരിതക്കയത്തിൽ കഴിയുന്നത്. ഭാര്യയും മൂന്ന് പെൺമക്കളുമടങ്ങുന്നതാണ് തങ്കപ്പന്റെ കുടുംബം.
70 സെന്റോളം വരുന്ന സ്ഥലത്ത് തങ്കപ്പന്റെ മുത്തച്ഛൻ കുട്ടി തങ്കപ്പന്റെ കാലം മുതൽ താമസിച്ചു വന്നിരുന്നതാണ്.
2017- 18 വരെ കരം അടക്കുകയും ചെയ്തിരുന്നു. ഇതിനിടെ പല പ്രാവശ്യം പട്ടയത്തിനായി അപേക്ഷ നൽകിയെങ്കിലും പ്രയോജനം കണ്ടില്ല. 2018ലെ പ്രളയത്തിലുണ്ടായ നഷ്ടത്തിന് സഹായം ലഭിക്കാൻ അപേക്ഷ നൽകിയെങ്കിലും അനുവദിച്ചു കിട്ടിയില്ല. സ്വന്തം പേരിൽ ഭൂമിയില്ലാത്തതിനാലാണ് ആനുകൂല്യം നിഷേധിക്കപ്പെട്ടത്.
2018വരെ കരമടച്ച രസീതുമായി വില്ലേജ് ഓഫീസിലെത്തിയെങ്കിലും, 2017ൽ വില്ലേജിൽ നടന്നൊരു റീസർവ്വേ പ്രകാരം ഇങ്ങനെ ഒരു ഭൂമി ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. . ഇതേത്തുർന്ന് സബ് കളക്ടർക്ക് നൽകിയ അപേക്ഷ കുട്ടനാട് താലൂക്ക് റിസർവ്വേ വിഭാഗത്തിലേക്ക് കൈമാറിയിട്ട് ഇപ്പോൾ മൂന്ന് മാസം പിന്നിട്ടില്ലെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന് തങ്കപ്പൻ പറയുന്നു.