esi-dispensery
മാന്നാർ കുട്ടംപേരൂർ മുട്ടേൽപള്ളി ജംഗ്‌ഷനിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ.എസ്.ഐ ആശുപത്രി

മാന്നാർ : പുറമേ നിന്ന് നോക്കിയാൽ ഒന്നാന്തരം കെട്ടിടം. അകത്താകട്ടെ കോൺക്രീറ്റുകൾ അടർന്ന് കമ്പികൾ തെളിഞ്ഞ അവസ്ഥയിലും. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന, മാന്നാറിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് ഡിസ്‌പെൻസറി എന്ന ഇ.എസ്.ഐ ഡിസ്പെൻസറിയുടെ അവസ്ഥയാണിത്. മാന്നാർ ടൗണിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ബുധനൂർ-പുലിയൂർ റോഡിൽ കുട്ടമ്പേരൂർ മുട്ടേൽ പള്ളിജംഗ്ഷനിലുള്ള കെട്ടിടത്തിൽ നിന്ന് പുതിയൊരു വാടക കെട്ടിടത്തിലേക്ക് ഡിസ്പെൻസറിയുടെ പ്രവർത്തനം മാറ്റാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ അധികൃതർ. തൊട്ടടുത്തായുള്ള മിനി സിവിൽസ്റ്റേഷൻ മന്ദിരത്തിൽ ഡിസ്പെൻസറിക്കുള്ള സൗകര്യത്തിനായി ശ്രമം നടത്തിയെങ്കിലും മുകൾനിലയിലായതിനാൽ സർക്കാർ അനുമതി ലഭിച്ചില്ല.

എംപ്പോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ അംഗങ്ങളായ 2000 അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചികിത്സക്കായി എത്തുന്ന പ്രധാന ഡിസ്‌പെൻസറിയായ ഇവിടെ ഒരു ഡോക്ടർ ഉൾപ്പെടെ ഏഴു ജീവനക്കാരാണുള്ളത്. ഞായറാഴ്ച ഒഴികെ എല്ലാദിവസങ്ങളിലും ഡോക്ടറുടെ സേവനം ലഭ്യമാണ്.

ജില്ലയിൽ പ്രവർത്തിക്കുന്ന പതിനഞ്ച് ഇ.എസ്.ഐ ഡിസ്പെൻസറികളിൽ ഒന്നോരണ്ടോ ഒഴിച്ചുള്ളവയെല്ലാം വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സേവനത്തിൽ മുന്നിട്ടു നിൽക്കുന്ന മാന്നാറിലെ ഡിസ്പെൻസറി എത്രയും വേഗം ജീർണ്ണിച്ച കെട്ടിടത്തിൽനിന്നും സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് ഇവിടെയെത്തുന്ന രോഗികളുടെ ആവശ്യം.

ഉപകരണങ്ങൾ അടിച്ചുപോകും!

ഇപ്പോഴത്തെ ജീർണിച്ച കെട്ടിടത്തിലെ കാലഹരണപ്പെട്ട വയറിംഗ് മൂലം വൈദ്യുതി പ്രശ്നങ്ങൾ പതിവായതോടെ കമ്പ്യൂട്ടറുകൾ ഉൾപ്പടെയുള്ള ഉപകരണങ്ങൾ തകരാറിലാകുന്നുണ്ട്. പ്ലംബിംഗ് സംവിധാനം വിച്‌ഛേദിച്ചതിനാൽ കിണറിൽ നിന്നും വെള്ളംകോരി എടുക്കണം. ഡ്രസിംഗ്റൂം ഉൾപ്പടെ ആറുമുറികളുള്ള കെട്ടിടമാണിത്. പെയിന്റടിച്ച് വൃത്തിയാക്കിയിട്ടുള്ളതിനാൽ പുറമേ നിന്ന് നോക്കിയാൽ കെട്ടിടത്തിനകത്തെ ജീർണാവസ്ഥ വ്യക്തമാകില്ല.

"പുതിയ കെട്ടിടത്തിനായി ഒരുപാട് അന്വേഷിച്ചു. സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിച്ചുള്ള കെട്ടിടങ്ങൾ ലഭ്യമായെങ്കിൽ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ.. തൊട്ടടുത്ത് തന്നെ സൗകര്യപ്രദമായ വാടകക്കെട്ടിടം ലഭിച്ചിട്ടുണ്ട്. സർക്കാരിന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പുതിയകെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കും

- ഡോ.ബിജു തോമസ് മാന്നാർ ഇ.എസ്.ഐ ഡിസ്പെൻസറി