
ഹരിപ്പാട് : സംസ്കാരം എന്നത് മതസംസ്കാരമാണെന്ന് പ്രചരിപ്പിക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.
സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഹരിപ്പാട് നാരകത്തറയിൽ സംഘടിപ്പിച്ച പ്രതിഭാ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക രാഷ്ട്രീയ യുദ്ധമാണിപ്പോൾ നടക്കുന്നതെന്നും കീഴാള സമൂഹം ഉണ്ടാക്കിയെടുത്ത നവോത്ഥാനം കേരളത്തിൽ ഏറ്റെടുത്തു രാഷ്ട്രീയമായി പരിവർത്തിപ്പിച്ചത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആണെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ഡോ പി.കെ.ജനാർദ്ദനക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി.പ്രസാദ്, ടി. ജെ ആഞ്ചലോസ്, പി.വി. സത്യനേശൻ ,ചേർത്തല ജയൻ,എ.ഷാജഹാൻ.ടി.ടി.ജിസ്‌മോൻ, ദീപ്തി അജയകുമാർ എന്നിവർ സംസാരിച്ചു. ഡി.അനീഷ് സ്വാഗതവും എ.അജികുമാർ നന്ദിയും പറഞ്ഞു. എഴുത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന ആലങ്കോട് ലീലാകൃഷ്ണനെ മന്ത്രി പി. പ്രസാദ് ആദരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പതാക,ദീപശിഖാ,ബാനർ,കൊടിമര ജാഥകൾ പര്യടനം നടത്തും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള പതാക ജാഥ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.