തിരുവല്ല : വ്യവസായങ്ങൾക്ക് ഏകീകരിച്ച ലൈസൻസ് നൽകുന്ന നിയമം കൊണ്ടുവരുമെന്നും സംരംഭങ്ങൾക്ക് തടസമുണ്ടാക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥ നിയമത്തിൽ ഉണ്ടാകുമെന്നും വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററുകളിലൊന്നായ വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വ്യവസായങ്ങൾക്ക് ഏകീകരിച്ച ലൈസൻസ് നൽകാനുള്ള ഒരു ബ്യൂറോ നിയമപ്രകാരം രൂപീകരിക്കുന്നതിന്റെ ചട്ടങ്ങളായി. ഇതിൽ പരാതിപരിഹാര സെല്ലും ഉണ്ട്. ഈ സെല്ലിന്റെ തീരുമാനം 15 ദിവസത്തിനകം നടപ്പാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തി അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
സംരംഭകരെ വിശ്വാസത്തോടെയാണ് ഇന്ന് പൊതുസമൂഹം കാണുന്നത്. 50 കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് ഒരു ലൈസൻസുമില്ലാതെ മൂന്നുവർഷം വരെ പ്രവർത്തിക്കാവുന്ന നിയമം കേരളത്തിലുണ്ട്. മൂന്നുവർഷം കഴിഞ്ഞു ആറുമാസത്തിനുള്ളിൽ ആവശ്യമായ ലൈസൻസ് നേടിയെടുത്താൽ മതി. തദ്ദേശസ്ഥാപനങ്ങൾക്ക് താൽക്കാലിക പെർമിറ്റ് അനുവദിക്കാനുള്ള ശുപാർശ സംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. 50 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് എല്ലാരേഖകളും സഹിതം അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം ലൈസൻസ് നൽകണമെന്ന നിയമവും സംസ്ഥാനം പാസാക്കിയിട്ടുണ്ട്. വ്യവസായ വകുപ്പാണെങ്കിലും വ്യവസായങ്ങൾക്ക് ലൈസൻസ് കൊടുക്കാനുള്ള അധികാരമില്ല. പഞ്ചായത്ത്,ആരോഗ്യം, ഫയർ, മലിനീകരണം, വൈദ്യുതി തുടങ്ങിയ വകുപ്പുകളാണ് ലൈസൻസ് നൽകേണ്ടത്. എന്നാൽ എവിടെയെങ്കിലും തടസമുണ്ടെങ്കിൽ പഴിയെല്ലാം വ്യവസായ വകുപ്പിനാണ്. ഈവർഷം സംരംഭകവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നു. കഠിനമായ അദ്ധ്വാനത്തിലൂടെ വളർന്ന് വലുതായി സ്വന്തം നാട്ടിൽതന്നെ സംരംഭകനാകാൻ തീരുമാനിച്ച വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ മാനേജിംഗ് ഡയറക്ടർ കെ.പി.വിജയനെ കേരളത്തിനുവേണ്ടി അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ആദരിച്ചു

തിരുവല്ല: വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിന്റെ രൂപകൽപ്പന നിർവ്വഹിച്ച ആർക്കിടെക്റ്റ് രാജേഷ് രവീന്ദ്രനെ ഗോവ ഗവർണ്ണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള മൊമെന്റോ നൽകി ആദരിച്ചു. തിരുവനന്തപുരം ആസ്ഥാനമായ നിയോ സ്‌പേസ് ആർക്കിറ്റെക്റ്റ്സിലെ പ്രിൻസിപ്പൽ കൺസൽട്ടന്റാണ് രാജേഷ് രവീന്ദ്രൻ.