photo
വിശപ്പുരഹിത ചേർത്തലയ്ക്ക് അരി സമാഹരിച്ച് നൽകുന്ന സി.പി.എം ഏരിയ കമ്മി​റ്റിയുടെ പദ്ധതി ഡി. വിശ്വംഭരനിൽനിന്ന് ഏ​റ്റുവാങ്ങി ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനംചെയ്യുന്നു

ചേർത്തല:സാന്ത്വനം പെയിൻ ആൻഡ് പാലിയേ​റ്റീവ് കെയർ സൊസൈ​റ്റിയുടെ വിശപ്പുരഹിത ചേർത്തല പദ്ധതിയിൽ ഒരുവർഷം ഉച്ചഭക്ഷണം തയ്യാറാക്കാൻ ആവശ്യമായ 16.5 ടൺ അരി സി.പി.എം സമാഹരിക്കും. സി.പി. എം ഏരിയ കമ്മി​റ്റിയാണ് അംഗങ്ങൾക്ക് ഇതിനുള്ള ചുമതല നിശ്ചയിച്ചത്. ചേർത്തല നഗരത്തിലെയും തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലെയും അവശരും ആലംബഹീനരുമായ 350ൽപ്പരം പേർക്ക് ഉച്ചഭക്ഷണം ദിവസേന വീട്ടിൽ എത്തിക്കുന്നതാണ് പദ്ധതി. സുമനസുകളുടെ സ്‌പോൺസർഷിപ്പിലൂടെയും സംഘടനകൾ എത്തിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ചുമാണ് വർഷങ്ങളായി മുടങ്ങാതെ മാതൃകാ പദ്ധതി തുടരുന്നത്.പദ്ധതി വിപുലമാക്കുന്നതിന്റെ ഭാഗമായാണ് അരി ഉറപ്പാക്കാൻ സി.പി.എം ഏരിയ കമ്മി​റ്റി തീരുമാനിച്ചത്. അരി എത്തിക്കാൻ ഏരിയ കമ്മി​റ്റി അംഗങ്ങൾക്ക് ചുമതലയും നൽകി.ഏരിയ കമ്മി​റ്റിയംഗവും തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റുമായ ഡി.വിശ്വംഭരനിൽനിന്ന് അരി ഏ​റ്റുവാങ്ങി ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയേ​റ്റംഗം കെ.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സാന്ത്വനം ചെയർമാനും ഏരിയ സെക്രട്ടറിയുമായ കെ.രാജപ്പൻനായർ അദ്ധ്യക്ഷനായി. ജില്ലാ കമ്മി​റ്റിയംഗം എൻ.ആർ.ബാബുരാജ് സ്വാഗതംപറഞ്ഞു. പി.എം.പ്രമോദ്, ബി.വിനോദ്, പി.ജി.മുരളീധരൻ, പി.ഷാജിമോഹൻ, പി.എം.പ്രവീൺ എന്നിവർ പങ്കെടുത്തു.