 
ആലപ്പുഴ: കുട്ടിക്കൂട്ടുകാരോട് ആനവണ്ടി അധികൃതർ പറയുകയാണ്, ഒരു ചെറിയ തുക കുടുക്കയിൽ കരുതാമോ? അങ്ങനെയെങ്കിൽ അദ്ധ്യയന വർഷാവസാനം നമുക്കൊരു ടൂറു പോകാം...
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ജില്ലാ ഘടകമാണ് വിദ്യാർത്ഥികൾക്കായി യാത്രയൊരുക്കുന്നത്. മിതമായ നിരക്കിൽ സമീപ ജില്ലകളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന പദ്ധതി വിദ്യാലയങ്ങളിലെ ടൂറിസം ക്ലബ്ബുകളുമായി സഹകരിച്ചാണ് നടപ്പാക്കുക. നിലവിൽ നടത്തുന്ന ഹെറിറ്റേജ് ടൂറിസം സർവീസുമായി ബന്ധിപ്പിച്ചാവും കുട്ടികളുടെ ട്രിപ്പും. ടൂറിസം ക്ലബ്ബുകളില്ലാത്ത സ്കൂളുകളിൽ ആദ്യ പടിയായി ക്ലബ്ബ് രൂപീകരിക്കും. യാത്രയ്ക്ക് വേണ്ടി നീക്കിയിരിപ്പുകൾ സൂക്ഷിക്കുന്ന ശീലം കുട്ടികളിൽ വളർത്താനുള്ള നടപികൾ കൈക്കൊള്ളും. ഈ മാസം മുതൽ ചെറിയ തുകകൾ ഓരോരുത്തരും സൂക്ഷിച്ചുവയ്ക്കാൻ തുടങ്ങിയാൽ അദ്ധ്യയന വർഷാവസാനം വിനോദയാത്രയ്ക്ക് പോകാനുള്ള തുക സ്വയം കണ്ടെത്താൻ സാധിക്കും.
സാധാരണ വിനോദയാത്രകൾക്ക് രണ്ടായിരം രൂപയ്ക്ക് മുകളിൽ വേണമെന്നതിനാൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾ പങ്കെടുക്കാറില്ല. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ, ആവർക്ക് മുൻഗണന നൽകുന്ന പാക്കേജാണ് കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത്.
# ഒറ്റ ദിവസം, ഒരുപാട് സ്ഥലങ്ങൾ
ജില്ലയിലെ സാംസ്കാരിക കേന്ദ്രങ്ങളും തൊട്ടടുത്ത ജില്ലകളിലെ പ്രധാന സ്ഥലങ്ങളുമാവും കുട്ടികളുടെ യാത്രയിൽ ഉൾക്കൊള്ളിക്കുക. ആശാൻ സ്മാരകം, തകഴി സ്മാരകം, കരുമാടിക്കുട്ടൻ, കൃഷ്ണപുരം കൊട്ടാരം, മുസാവരി ബംഗ്ലാവ്, ശങ്കേഴ്സ് മ്യൂസിയം, ഫോർട്ട് കൊച്ചി തുടങ്ങി ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഒറ്റ ദിവസം കണ്ട് തിരിച്ചെത്താവുന്ന സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കുകയാണ് അധികൃതർ
# ആലപ്പുഴ ആദ്യം
കുട്ടികൾക്ക് മിതമായ ചെലവിൽ കെ.എസ്.ആർ.ടി.സി വിനോദ സഞ്ചാര യാത്രയൊരുക്കുന്ന ആദ്യ ജില്ല ആലപ്പുഴയാകും. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ജില്ലാ കോ- ഓർഡിനേറ്റർ ഷെഫീക്ക് ഇബ്രാഹിമിന്റെ മനസിലുദിച്ചതാണ് ആശയം. മറ്റ് ജില്ലകളിലെ കോ - ഓർഡിനേറ്റർമാരും പദ്ധതി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്കൂളുകളുടെ ആവശ്യപ്രകാരമാകും ട്രിപ്പുകൾ ക്രമീകരിക്കുക.
വിനോദ യാത്രകൾക്ക് സാമ്പത്തികം ഒരു വിഷയമായി നിൽക്കുന്ന കുട്ടികളുടെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ് ഈ പദ്ധതി. സ്കൂളുകളിലെ ടൂറിസം ക്ലബ്ബുകളുമായി ചേർന്നാണ് വിദ്യാർത്ഥികൾക്കായി വിനോദ യാത്ര സംഘടിപ്പിക്കുക. ക്ലബ്ബുകളില്ലാത്ത സ്കൂളുകളിൽ അവ രൂപീകരിക്കാനും ശ്രമങ്ങൾ നടത്തും
ഷെഫീക്ക് ഇബ്രാഹിം, ജില്ലാ കോ ഓർഡിനേറ്റർ, കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ