 
ആലപ്പുഴ: നെഹ്രുട്രോഫിയും ഓണവും അടുത്തതോടെ ജില്ലയിലെ ടൂറിസം മേഖല ഉണർവിൽ. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് ഇപ്പോൾ കൂട്ടത്തോടെ ആലപ്പുഴയിൽ എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിദേശങ്ങളിൽ നിന്ന് 3000ത്തോളം പേരെത്തിയെന്നാണ് കണക്ക്.
സ്‌പെയിൻ, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ജില്ലയിലേക്ക് ഒഴുകുന്നത്. വരും ദിവസങ്ങളിൽ ഫ്രഞ്ചുകാരായ സഞ്ചാരികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അവധി ദിനങ്ങളിൽ ഇപ്പോൾത്തന്നെ 5000ത്തിനു മീതേ സഞ്ചാരികൾ ഹൗസ് ബോട്ട് യാത്രയ്ക്കായി എത്തുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തെളിഞ്ഞ അന്തരീക്ഷം സഞ്ചാരികളുടെ വരവ് വർദ്ധിപ്പിച്ചു. ഇന്നലെ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും ഉണ്ടായിരുന്നെങ്കിലും തിരക്ക് കുറഞ്ഞില്ല. ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട്, ശിക്കാര വള്ളങ്ങൾ, ഹൗസ് ബോട്ടുകൾ എന്നിവയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
സെപ്തംബർ നാലിന് നടക്കുന്ന നെഹ്രുട്രോഫിയുടെ പ്രചാരണം സാമൂഹ്യ മാദ്ധ്യമങ്ങളിൽ തുടങ്ങിയതോടെയാണ് വിനോദ സഞ്ചാര മേഖലയിലും ഉണർവുണ്ടായത്. ഒക്ടോബറിലാണ് ടൂറിസം സീസൺ ആരംഭിച്ചതെങ്കിലും നാലിലൊന്ന് സഞ്ചാരികൾ ഇത്രനാൾ എത്തിയിരുന്നില്ല. യാത്രാ വിലക്കുകൾ മാറിയതും വിദേശ സഞ്ചാരികളുടെ വരവിന് ആക്കം കൂട്ടി.
# കള്ളയോട്ടത്തിന് കടിഞ്ഞാൺ
തുറമുഖ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിൽ 768 ഹൗസ് ബോട്ടുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡി.ടി.പി.സി പുന്നമട, പള്ളാത്തുരുത്തി എന്നിവിടങ്ങളിലാണ് ഔട്ട്പാസ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. 100ൽ താഴെ വള്ളങ്ങൾ മാത്രം പാസ് എടുത്തിരുന്നിടത്ത് പരിശോധന ശക്തമാക്കിയതിനെ തുടർന്ന് ഇപ്പോൾ 200 മുതൽ 300 വരെ ഹൗസ് ബോട്ടുകളും ശിക്കാരവള്ളങ്ങളും പാസ് എടുക്കുന്നുണ്ട്. പാസ് ഇനത്തിൽ മാസം മൂന്ന് ലക്ഷം രൂപ ഡി.ടി.പി.സിക്ക് വരുമാനം ലഭിക്കും.
..................................
സഞ്ചാരികളുടെ എണ്ണം
സാധാരണ ദിവസം: 3000- 4500
അവധി ദിവസങ്ങളിൽ: 5000- 6500
........................
മേഖലയ്ക്ക് ഉണർവും പ്രതീക്ഷയും പകരുന്ന തിരക്കാണ് അനുഭവപ്പെടുന്നത്. നെഹ്രുട്രോഫി കൂടി എത്തുന്നതോടെ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചു. നെഹ്രുട്രോഫിയുടെ തീയതിമാറ്റം അന്തർദേശീയ തലത്തിൽ എത്തിക്കാൻ ടൂറിസം വകുപ്പും നെഹ്രുട്രോഫി ബോട്ട് റേസ് കമ്മിറ്റിയും പ്രചാരണം നടത്തണം
ആർ.ആർ.ജോഷിരാജ്, മുൻ സംസ്ഥാന പ്രസിഡന്റ്, ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ