ambala

അമ്പലപ്പുഴ: കാപ്പിത്തോട്ടിൽ നിന്ന് ഒഴുകിയെത്തുന്ന മലിനജലം അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ 14 പാടശേഖരങ്ങൾക്ക് ഭീഷണിയായി.

ഈ പാടശേഖരങ്ങളിൽ ജലസേചനത്തിനായി പഞ്ചായത്തിലെ നാട്ടു തോടുകളിൽ നിന്നുള്ള ജലമാണ് ഉപയോഗിക്കുന്നത്. ഈ തോടുകൾ കാപ്പിത്തോടുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ മലിനജലം പാടശേഖരങ്ങളിലേക്ക് നിർബാധം ഒഴുകിയെത്തുകയാണ്. വെള്ളം കയറിയ നിലങ്ങളിലെല്ലാം നെൽച്ചെടികളുടെ ഇലകൾ പഴുത്ത് ഉണങ്ങി വേരുകൾ ചീഞ്ഞു പോകുന്നത് വ്യാപകമായി. ഇത് തടയാനായി കർഷകർ കീടനാശിനികളും കുമിൾനാശിനികളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

അമ്പലപ്പുഴ വടക്ക് വില്ലേജ് ഓഫീസിൽ നിന്ന് കരമടച്ച് രസീത് കിട്ടാത്തതിനാൽ ഭൂരിഭാഗം കർഷകർക്കും ഇത്തവണ വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗത്വവും ലഭിച്ചിട്ടില്ല. 1200 ഏക്കറിലാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ നെൽകൃഷിയുള്ളത്. 50 മുതൽ 75 ദിവസം വരെ പ്രായമായ നെൽച്ചെടികളാണ് നശിക്കുന്നത്. ഏക്കറിൽ 30,000 രൂപ വരെ ചെലവഴിച്ചാണ് കൃഷിയിറക്കിയത്.

കാപ്പിത്തോട്ടിലെ രാസമാലിന്യങ്ങളും ബാക്ടീരിയകളും കലർന്ന മലിനജലം പാടശേഖരങ്ങളിലേക്ക് എത്തുന്നത് തടയാൻ ഷട്ടറുകളുള്ള കലുങ്ക് അടിയന്തിരമായി സ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.