 
ആലപ്പുഴ: കഞ്ഞിക്കുഴിയിലെ ബന്ദി തോട്ടത്തിൽ അതിഥികൾക്ക് പൂക്കാലം ഒരുക്കുകയാണ് യുവ കർഷകൻ സുജിത് സ്വാമിനികർത്തിൽ. അദ്ധ്വാനത്തെ ഹിറ്റാക്കിയ സുജിത്തിന്റെ തോട്ടത്തിലേക്ക് താര രാജാക്കൻമാരിലൂടെ സന്ദർശകർ ഒഴുകുകയാണ്.
പൂപ്പാടത്ത് പൂക്കൾക്കൊപ്പം തല ഉയർത്തി നിൽക്കുകയാണ് മമ്മൂട്ടിയും മോഹൻലാലും തമിഴ് നടൻ സൂര്യയും യാഷും പിന്നെ മാവേലിയും. കാഴ്ച കാണാനെത്തുന്നവർക്ക് പൂക്കൾക്കൊപ്പം താരങ്ങളോടൊപ്പം നിന്ന് ചിത്രമെടുക്കാനുള്ള അവസരം കൂടിയൊരുക്കാനാണ് താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചതെന്ന് സുജിത് പറയുന്നു. അവധി ദിവസങ്ങളിൽ ബന്ദി - സൂര്യകാന്തിപ്പാടം കാണാൻ ധാരാളം പേരാണ് എത്തുന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ് കുട്ടികൾ എത്തുന്നതോടെ തിരക്ക് കൂടും. ഇതിനകം ഓണപ്പൂക്കൾക്കുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
# വില്പനയും യഥേഷ്ടം
പൂക്കൾ വിൽക്കാൻ വിപണി തേടി പോകേണ്ട ആവശ്യമില്ല. പൂ പാടം കാണാനെത്തുന്നവർ തന്നെ ഇഷ്ടാനുസരണം പൂക്കളുമായാണ് മടങ്ങുന്നത്. അന്യ ജില്ലകളിൽ നിന്ന് വരെ പൂ പാടത്ത് നേരിട്ടെത്തി പൂക്കൾ വാങ്ങുന്നുണ്ട്. കിലോയ്ക്ക് 60- 70 രൂപയുണ്ട്.
# സെൽഫി പോയിന്റ്
ആളുകളെ ആകർഷിക്കാൻ സുജിത്ത് ഒരുക്കിയ താരങ്ങളുടെയും മാവേലിയുടെയും കട്ടൗട്ടുകൾ ഞൊടിയിടയിലാണ് ഹിറ്റായത്. വരും ദിവസങ്ങളിൽ പുത്തൻ ഐഡിയകൾ കൂടി കളത്തിലിറിക്കാനുള്ള ആലോചനയിലാണ് ഈ യുവ കർഷകൻ. കുട്ടികളും യുവാക്കളുമാണ് താരങ്ങളോടൊത്ത് സെൽഫിക്കായി കൂടുതലായി വരുന്നത്.
അത്തം പിറക്കുന്നതോടെ വിപണി സജീവമാകും. അതോടെ കാഴചക്കാരുടെ എണ്ണവും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.
സുജിത് സ്വാമിനികർത്തിൽ