 
ആലപ്പുഴ: മെഗാ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി തോട്ടപ്പള്ളി കായൽതീരത്ത് നാല് വർഷം മുമ്പ് നിർമ്മാണം പൂർത്തിയായ ഹൗസ്‌ബോട്ട് ടെർമിനൽ നോക്കുകുത്തിയായി. നൂറോളം ഹൗസ്‌ബോട്ടുകൾക്ക് പാർക്ക് ചെയ്യാവുന്ന ടെർമിനലാണിത്.
രണ്ടു കോടി ചെലവഴിച്ചാണ് ഹൗസ്‌ബോട്ട് ടെർമിനലും കുട്ടികളുടെ പാർക്കും നിർമ്മിച്ചത്. കിറ്റ്‌കോയ്ക്കായിരുന്നു നിർമ്മാണ ചുമതല. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് ഉദ്ഘാടനം വൈകുന്നതിന് കാരണമായി അധികൃതർ പറയുന്നത്. പാലത്തിന് കിഴക്ക് ഭാഗത്ത് 96 ലക്ഷം ചെലവഴിച്ചാണ് ദേശീയ ജലപാതയോട് ചേർന്നുള്ള കനാൽ തീരത്ത് ഹൗസ് ബോട്ട് ടെർമിനൽ നിർമ്മിച്ചത്. പ്രവർത്തനം ആരംഭിക്കാത്തതിനാൽ പീലിംഗ് ഷെഡിൽ നിന്നുള്ള ചെമ്മീൻ തോട് രാത്രികാലത്ത് വാഹനങ്ങളിൽ കൊണ്ടുവന്ന് പുഴയിലേക്ക് തള്ളുന്നത് ടെർമിനലിന്റെ പ്ളാറ്റ് ഫോമിൽ നിന്നാണ്. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം കൂടിയായിരിക്കുകയാണ് പ്രദേശം.
# കുറിപ്പ് വിനയായി
ഡി.ടി.പി.സി നൽകിയ അപേക്ഷ തീര പരിപാലന നിയമത്തിന്റെ ലംഘനമാണോ എന്ന സംശയമുന്നയിച്ച് പുറക്കാട് പഞ്ചായത്ത് സെക്രട്ടറി എഴുതിയ കുറിപ്പാണ് പാർക്കിനും ഹൗസ്‌ബോട്ട് ടെർമിനലിനും വിനയായത്. ടൂറിസത്തിന് തീരപരിപാലന നിയമത്തിൽ കേന്ദ്രം ഇളവ് വരുത്തിയെങ്കിലും കെട്ടിട നമ്പർ പഞ്ചായത്ത് നൽകിയിട്ടില്ല. പാർക്കിലെയും ഹൗസ് ബോട്ട് ടെർമിനലിലെയും കെട്ടിടങ്ങൾക്ക് പുറക്കാട് ഗ്രാമപഞ്ചായത്ത് നമ്പർ അനുവദിക്കാത്തതിനാൽ വൈദ്യുതി ലഭിച്ചിട്ടില്ല.
# കാടും പടലുമില്ല
കുട്ടികളുടെ പാർക്കിലെ കാടും പടലും കെ.എം.എം.എൽ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു. പൊഴിമുഖത്തെ മണൽ നീക്കം ചെയ്യാനായി വരുന്ന ലോറികളിലെ ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു നടപടി. അവധി ദിവസങ്ങളിൽ ഇവിടേക്ക് എത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ആലപ്പുഴ ബീച്ചിനു സമാനമായി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന തോട്ടപ്പള്ളിയിൽ കടലിന് ആഴക്കുറവായതിനാൽ അപകട സാദ്ധ്യതയും കുറവാണ്.
ഇരുപദ്ധതിയിലേയും കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കാത്തത് തീരപരിപാലന നിയമത്തിലെ തടസങ്ങൾ മൂലമാണ്. കേന്ദ്രം നിയമത്തിൽ ഇളവ് വരുത്തിയെങ്കിലും സംസ്ഥാനതല സമിതി ഇതിന്റെ തുടർ നടപടികൾ പൂർത്തിയാക്കിയിട്ടില്ല. പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ നവീകരണത്തിനായി അനുവദിച്ചു. ഡി.പി.ആർ ഉടൻ തയ്യാറാക്കും.
എ.എസ്. സുദർശനൻ, പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്, പുറക്കാട്
തീരപരിപാലനത്തിന്റെ പേരു പറഞ്ഞ് പാർക്കിന്റെയും ഹൗസ് ബോട്ട് ടെർമിനലിന്റെയും ഉദ്ഘാടനം പഞ്ചായത്തും ഡി.ടി.പി.സിയും തട്ടിക്കളിക്കുകയാണ്. സഞ്ചാരികൾക്ക് സ്പിൽവേ ചാനലിൽ സുരക്ഷിതമായി തുഴയാൻ കഴിയുന്ന ചെറുവളളങ്ങളോ പെഡൽബോട്ടുകളോ ഒരുക്കണം
അഡ്വ. എസ്.ജ്യോതികുമാർ, പ്രസിഡന്റ്, തോട്ടപ്പള്ളി ടൂറിസം വികസന സൊസൈറ്റി
ചെലവ്
# കുട്ടികളുടെ പാർക്ക്....................................1.4 കോടി
# ഹൗസ് ബോട്ട് ടെർമിനൽ............................96 ലക്ഷം