കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റ് ഇനി മുതൽ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ പി.ശശികല അറിയിച്ചു. എക്സറേ യൂണിറ്റിന്റെ ഉദ്ഘാടനം 24 ന് വൈകിട്ട് 4ന് എ.എം ആരിഫ് എം.പി നിർവഹിക്കും. എച്ച്.എം.സി അധികമായി രണ്ട് സ്റ്റാഫിനെ നിയമിച്ചാണ് എക്സറേ യൂണിറ്റിന്റെ പ്രവർത്തനം 24 മണിക്കൂർ ആക്കുന്നത്. ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു രാത്രികാലങ്ങളിലെ എക്സ് റേ യൂണിറ്റിന്റെ പ്രവർത്തനം. ദേശീയപാതയും സംസ്ഥാനപാതയും ഒരുപോലെ കടന്നുപോകുന്ന പ്രദേശമാണ് കായംകുളം. അപകടത്തിൽപ്പെട്ട് രാത്രികാലങ്ങളിൽ എത്തുന്ന രോഗികൾക്ക് എക്സറേ എടുക്കാൻ സ്വകാര്യ ലാബോ, അല്ലെങ്കിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയായിരുന്നു ആശ്രയം. ലാബിന്റെ പ്രവർത്തം ആരംഭിക്കുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാണ് ഉണ്ടാകുന്നത്.

ഡിജിറ്റൽ എക്സ്-റേ യൂണിറ്റാണ് കായംകുളം താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത്. നഗരസഭയുടെ 2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി എക്സ് റേ യൂണിറ്റിലേക്കുള്ള ഫിലിമുകൾ എത്തിച്ചു. കൂടാതെ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കാൻ വേണ്ടി ആധുനിക രീതിയിലുള്ള സ്റ്റീൽ കസേരകളും സജ്ജീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് ലാബ്, ലാബ് - ഒ.പി കമ്പ്യൂട്ടർവത്കരണം ,സി.സി.ടി.വി കാമറകൾ സ്ഥാപിക്കൽ, വീൽ ചെയറുകൾ, ആശുപത്രി കെട്ടിടങ്ങളുടെ നവീകരണം തുടങ്ങിയ പദ്ധതികൾ നഗരസഭാ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കി.