 
ആലപ്പുഴ: രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അന്യ സംസ്ഥന തൊഴിലാളി ഹെറോയിനുമായി പിടിയിൽ. ബംഗാൾ പുക്കറിയ അഡരംഗ മൽഡ ഹോസായി പൂർ ജയ്മണ്ഡലിനെയാണ് (28) നർക്കോട്ടിക് വിഭാഗം ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
ഇയാളിൽ നിന്ന് 65 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. 22ന് പുലർച്ചെ 3.15ന് താമല്ലാക്കൽ ഭാഗത്തായിരുന്നു വാഹന പരിശോധന. താമല്ലാക്കലിൽ ഓട്ടോയിൽ വന്നിറങ്ങി നടന്നു നീങ്ങിയ ഇയാളെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. രണ്ടു മുന്നു മാസം കൂടുമ്പോൾ ജയ്മണ്ഡൽ നാട്ടിൽ പോകുമായിരുന്നു. മടങ്ങിവരുമ്പോൾ കൊണ്ടുവരുന്ന മയക്കുമരുന്ന് കായംകുളത്തും ഹരിപ്പാട്ടുമുള്ള തൊഴിലാളികൾക്ക് വിൽക്കും. ഗ്രാമിന് 2,500 മുതൽ 5,000 രൂപയ്ക്ക് വരെയാണ് വില്പന. പ്രതിയെ ഹരിപ്പാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി, ഹരിപ്പാട് സി.ഐ വി.എസ്. ശ്യംകുമാർ, എസ്.ഐ എച്ച്. ഗിരീഷ്, സീനിയർ സി.പി.ഒ അജയകുമാർ, സുരേഷ്, ഡി.എ.എൻ.എസ്.എ.എഫ് എസ്.ഐ ഇല്യാസ്, എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ ഹരികൃഷ്ണൻ, ഷാഫി, രതീഷ്, അനസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.