
മാന്നാർ: തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ മഹാവിഷ്ണു നടയിൽ 46-ാമത് ഭാഗവത യജ്ഞത്തിന് ഇന്ന് സമാപനം കുറിക്കുമ്പോൾ യജ്ഞാചാര്യൻ പാവുമ്പ രാധാകൃഷ്ണൻ പിന്നിടുന്നത് 1380 സപ്‌താഹവേദികൾ. ശ്രീകൃഷ്ണ നാമ സങ്കീർത്തനത്തിലൂടെ ആയിരക്കണക്കിന് ഹൃദയങ്ങളിൽ ഭക്തിയുടെ അലകളുയർത്തിയ ആചാര്യന് ഇപ്പോഴും വിശ്രമമമില്ല.
കരുനാഗപ്പള്ളി താലൂക്കിലെ തഴവ പഞ്ചായത്തിൽ പാവുമ്പ കളീയ്ക്കൽ കിഴക്കേതിൽ കേശവൻ നായരുടെയും ജാനകി അമ്മയുടെയും പത്തുമക്കളിൽ എട്ടാമനാണ് രാധാകൃഷ്ണൻ. ജന്മ നക്ഷത്രമായ അത്തംനാളിൽ, എല്ലാമാസവും വീട്ടിൽ മുടങ്ങാതെ ഭാഗവത പാരായണം നടത്തിയിരുന്നു. പരേതനായ ജ്യോത്സ്യൻ ചെറുതന പടിപ്പുരയ്ക്കൽ വാസുദേവൻ പിള്ളയായിരുന്നു പാരായണം ചെയ്തിരുന്നത്. അദ്ദേഹമായിരുന്നു രാധാകൃഷ്ണന്റെ ഗുരുവും. 12-ാം വയസിൽ ഭാഗവത പാരായണത്തിന് തുടക്കം കുറിച്ച രാധാകൃഷ്ണനെ ആലപ്പുഴ, കൊല്ലം ജില്ലകളിൽ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഭാഗവത പാരായണത്തിന് ക്ഷണിക്കുമായിരുന്നു. കരുവാറ്റ ശ്രീരാമഭദ്രാനന്ദ ഗുരുദേവനാണ് 1940 കളിൽ എഴുത്തച്ഛന്റെ ഭാഗവതം കിളിപ്പാട്ട് സപ്‌താഹ യജ്ഞമായി അവതരിപ്പിച്ചു തുടങ്ങിയത്. ചില സമ്പന്ന ഗൃഹങ്ങളിലും ചുരുക്കം ചില ക്ഷേത്രങ്ങളിലും ഒതുങ്ങിനിന്ന സപ്‌താഹ യജ്ഞത്തെ ജനകീയമാക്കിയവരിൽ പ്രധാനിയാണ് പാവുമ്പ രാധാകൃഷ്ണൻ. നൂറുകണക്കിന് കീർത്തനങ്ങൾ ആലപിച്ച് ഭക്തഹൃദയങ്ങളിൽ ഇടംനേടിയ ഇദ്ദേഹം തയ്യാറാക്കിയ ഭാഗവതപാരായണ പ്രവേശികയും ചർച്ച ചെയ്യപ്പെട്ടു.
പാവുമ്പ രാധാകൃഷ്ണനെ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ യജ്ഞവേദിയിൽ ഉപദേശകസമിതി പൊന്നാടയണിയിച്ചും പുരസ്കാരം നൽകിയും ആദരിച്ചു.