ആലപ്പുഴ: ജലമേളയ്ക്ക് പത്ത് ദിവസം മാത്രം ശേഷിക്കെ, കനാൽക്കരകളുടെ ശുചീകരണത്തിന് 'ലവ് ദ ലേക്ക്' എന്ന പേരിൽ കാമ്പയിനുമായി നഗരസഭ. ഹരിതകർമ്മസേനയുടെയും നഗരസഭ കണ്ടിൻജന്റ് ജീവനക്കാരുടെയും 420 അംഗ സംഘമാണ് ജലമേളയുടെ ഗ്രീൻ പ്രോട്ടോക്കാൾ ഉറപ്പുവരുത്താൻ വോളണ്ടിയർമാരായി രംഗത്തിറങ്ങുക.

നഗര ചത്വരം, മെയിൻ പവിലിയൻ, വി.ഐ.പി പവിലിയനിലേക്കുള്ള ബോട്ട്‌ജെട്ടി എന്നിവിടങ്ങളിൽ 3 ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസുകൾ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സജ്ജമാക്കും. ഹെൽത്ത് ഇൻസ്‌പെക്ടർ ജയകൃഷ്ണൻ രൂപകല്പന ചെയ്ത ഭാഗ്യചിഹ്നമായ പൊന്മാനിന്റെ ചിത്രം ആലേഖനം ചെയ്ത പോസ്റ്ററുകൾ ബോധവത്കരണത്തിനായി നഗരമെമ്പാടും പതിക്കും.

ദേവസിൽ ക്യാപ്ടൻ നഗരസഭാദ്ധ്യക്ഷ

തെക്കനോടി വിഭാഗത്തിലെ ദേവസ് വള്ളത്തിൽ ഹരിത കർമ്മ സേന മത്സരത്തിനിറങ്ങും. നഗരസഭാദ്ധ്യക്ഷ സൗമ്യരാജാണ് ടീം ക്യാപ്ടൻ. ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് വൈസ് ക്യാപ്ടനാകും. ടീമിന്റെ പരിശീലനം അടുത്ത ദിവസം ആരംഭിക്കും. ഹരിതക‌ർമ്മ സേനയിലെ തുഴച്ചിൽ പരിചയമുള്ള 20 പേരാണ് മത്സരത്തിനിറങ്ങുന്നത്.

..........................

# പവിലിയനുകളിൽ പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് നിയന്ത്രണം

# നൂറോളം പ്ലാസ്റ്റിക് ശേഖരണ ബിന്നുകൾ സ്ഥാപിക്കും

# 4ന് രാത്രിയിൽ നഗരം ശുചിയാക്കുന്നതിന് സ്പെഷ്യൽ ഡ്രൈവ്

.............................

ഗ്രീൻ പ്രോട്ടോക്കാൾ ഉറപ്പാക്കാൻ

300 കണ്ടിൻജന്റ്, താത്കാലിക ജീവനക്കാർ

120 ഹരിതകർമ്മ സേനാംഗങ്ങൾ

...............................

സാംസ്‌കാരിക ഘോഷയാത്രയിലും ജലമേളയിലും ഹരിത കർമ്മ സേനയുടെ പങ്കാളിത്തമുണ്ടാകും.

കായൽ സംരക്ഷണത്തിനുള്ള ജനകീയ കാമ്പയിനായി ലവ് ദ ലേക്ക് പ്രചാരണ പരിപാടി മാറും

സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ