
ആലപ്പുഴ: വേമ്പനാട് കായൽ സംരക്ഷണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തുമെന്നും ഇതിനായി അതോറിട്ടി രൂപീകരിക്കുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ചെളിയും എക്കലും അടിഞ്ഞതുമൂലംകായലിന്റെ ജലസംഭരണ ശേഷി ഗണ്യമായി കുറഞ്ഞതായി ഡോ. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇവ നീക്കം ചെയ്യുന്നതിന് പ്രാഥമിക പ്രവൃത്തി എന്ന നിലയിൽ 10 കി.മീറ്റർ ചുറ്റളവുള്ള 'ആർ ബ്ലോക്ക്' പാടശേഖരത്തിൽ എക്കലും ചെളിയും ഉപയോഗിച്ച് പുറംബണ്ട് നിർമ്മിക്കുന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. സർക്കാരും പാടശേഖര സമിതിയും ചേർന്നുള്ള പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഇത് നടപ്പാക്കാനുള്ള നിർദേശം പരിഗണനയിലാണ്. നിലവിലെ കായൽ കയ്യേറ്റങ്ങൾ പരിശോധിച്ച് തുടർനടപടിയെടുക്കാൻ കളക്ടർ ചെയർമാനായി സമിതി രൂപീകരിച്ചതായും കെ.ബാബുവിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.