 
ആലപ്പുഴ ഇനി വഞ്ചിപ്പാട്ട് ആരവത്തിൽ
ആലപ്പുഴ: ജലോത്സവ കാലത്ത് വഞ്ചിയിൽ നിന്ന് വേദിയിലെത്തുന്ന ഇനമാണ് വഞ്ചിപ്പാട്ട്. തുഴത്താളത്തിനൊപ്പം പാടി തുഴച്ചിൽക്കാർക്ക് ആവേശം പകർന്നിരുന്ന വഞ്ചിപ്പാട്ട് കരകയറിയാലും ആവേശത്തിന് തെല്ലുമുണ്ടാവില്ല ചോർച്ച.
നിലവിൽ ആറന്മുളയിൽ മാത്രമാണ് വള്ളത്തിൽ വഞ്ചിപ്പാട്ട് അരങ്ങേറുന്നത്. മത്സരവേദികളിലെത്തുന്ന വള്ളങ്ങളിൽ ആവശ്യമുള്ളത് ദ്രുതതാളമായതിനാൽ വഞ്ചിപ്പാട്ട്, കാലക്രമേണ കരയിലേക്ക് കുടിയേറുകയായിരുന്നു. നതോന്നത വൃത്തത്തിലൊരുക്കിയ വഞ്ചിപ്പാട്ടുമായി വേദിയിലെത്താൻ സീസൺ കാത്തിരിക്കുന്ന നൂറുകണക്കിന് കലാകാരന്മാരുണ്ട് ആലപ്പുഴയിൽ. വള്ളത്തിന്റെയും വെള്ളത്തിന്റെയും നാടായ കുട്ടനാട്ടിലാണ് ഏറ്റവുമധികം വഞ്ചിപ്പാട്ട് കലാകാരന്മാരുള്ളത്. ഇതിൽ കുട്ടികളെന്നോ പുരുഷന്മാരെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ല.
1995ലെ ആന്റണി മന്ത്രിസഭയുടെ കാലത്ത് നിയമസഭയിലും വഞ്ചിപ്പാട്ട് മുഴങ്ങി. കുട്ടനാട്ടുകാരനായ എം.എൽ.എ സി.കെ.സദാശിവൻ എഴുതി ചിട്ടപ്പെടുത്തിയ വഞ്ചിപ്പാട്ട്, സഭയിൽ പ്രത്യേക ശ്രദ്ധ ക്ഷണിക്കലായി ചട്ടപ്രകാരം അവതരിപ്പിക്കുകയായിരുന്നു. വള്ളംകളിക്ക് ഗ്രാന്റ് അനുവദിക്കണമെന്നായിരുന്നു എം.എൽ.എയുടെ ആവശ്യം. കുട്ടനാട്ടുകാരുടെ വികാരം മനസിലാക്കിയ മന്ത്രിസഭ ഗ്രാന്റ് അനുവദിച്ചു. പി.കെ.അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് വീണ്ടും സി.കെ.സദാശിവൻ വഞ്ചിപ്പാട്ടുമായി സഭയിലെത്തി. സംസ്ഥാന കലോത്സവത്തിലെ 218 മത്സരയിനങ്ങൾക്കൊപ്പം വഞ്ചിപ്പാട്ടും ചേർക്കണമെന്നായിരുന്നു ആവശ്യം. ഇതും അംഗീകരിക്കപ്പെട്ടതോടെ ജലോത്സവ വേദികളിലൊതുങ്ങി നിന്നിരുന്ന വഞ്ചിപ്പാട്ടിന് കലോത്സവത്തിന്റെ വിശാല ലോകമാണ് തുറന്നു കിട്ടിയത്.
വേദികളേറെ
കൊവിഡ് കാലത്ത് ജലോത്സവങ്ങളും കലോത്സവങ്ങളും നടക്കാതിരുന്നതിനാൽ വഞ്ചിപ്പാട്ടിന് വേദികൾ ലഭിച്ചിരുന്നില്ല. ഇപ്പോൾ നെഹ്രുട്രോഫിയും ചാമ്പ്യൻസ് ബോട്ട് ലീഗും ഓണവും ഒരുമിച്ച് വരുന്നതിനാൽ കൂടുതൽ വേദികൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കലാകാരന്മാർ. നെഹ്രുട്രോഫിയോടനുബന്ധിച്ചുള്ള കുട്ടനാടൻ, ആറന്മുള, വെച്ചുപാട്ട് ശൈലികളിലെ വഞ്ചിപ്പാട്ട് മത്സരങ്ങൾ 31ന് ആലപ്പുഴ നഗരചത്വരത്തിൽ അരങ്ങേറും.
കോലവും മാറണം
കാലത്തിനനുസരിച്ച് രൂപമാറ്റങ്ങൾ വഞ്ചിപ്പാട്ട് കലാകാരന്മാരും സ്വീകരിക്കണമെന്നാണ് വഞ്ചിപ്പാട്ട് ആസ്വാദകരുടെ അഭിപ്രായം. പുരുഷന്മാർ കൈലിമുണ്ടും ബനിയനും തോർത്തും, സ്ത്രീകൾ മുണ്ടും ബ്ലൗസും തോർത്തും അണിഞ്ഞായിരുന്നു മുൻ കാലങ്ങളിൽ വഞ്ചിപ്പാട്ട് വേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. പിന്നീട് സ്ത്രീകൾ പലരും സെറ്റും മുണ്ടിലേക്ക് മാറി. കാണികളെ അരങ്ങിലേക്ക് ആകർഷിക്കത്തക്ക തരത്തിൽ മാറ്റങ്ങളാണ് കാലത്തിനാവശ്യമെന്ന് വഞ്ചിപ്പാട്ട് ആസ്വാദകർ അഭിപ്രായപ്പെടുന്നു.
മലയാള സാഹിത്യത്തിന് കിട്ടിയ വരദാനമാണ് വഞ്ചിപ്പാട്ടെന്നതിൽ സംശയമില്ല. ആശാനും രാമപുരത്ത് വാര്യരും കുഞ്ചൻ നമ്പ്യാരുമൊക്കെ എഴുതിയ വഞ്ചിപ്പാട്ടുകൾ ഇനിയും കാലങ്ങളോളം സഞ്ചരിക്കണം. വഞ്ചിപ്പാട്ടിനോട് താത്പര്യവുമായി പുതുതലമുറ കടന്നുവരുന്നത് പ്രതീക്ഷയ്ക്ക് വകനൽകുന്നുണ്ട്
സി.കെ.സദാശിവൻ, മുൻ എം.എൽ.എ