ആലപ്പുഴ: നഗരത്തിൽ വൈ.എം.സി.എയ്ക്ക് സമീപം സൂപ്പ‌ർമാർക്കറ്റിനോട് ചേർന്ന് ആരംഭിച്ച് പ്രസ്ക്ലബ് വരെ നീളുന്ന ഇടറോഡ് താറുമാറായിട്ട് കാലമേറെ ആയെങ്കിലും നടപടി ഒന്നുമില്ല. സൈക്കിളിൽ വരുന്ന സ്കൂൾ കുട്ടികളും ഇരുചക്ര വാഹന യാത്രികരും ഇവിടെ വീണ് പരിക്കേൽക്കാത്ത ദിവസങ്ങളില്ലെന്നായി.

വാഹനങ്ങളുടെ തിരക്കിൽപ്പെടാതെ കോ‌ടതി ജംഗ്ഷനിലും വൈ.എം.സി.എ ജംഗ്ഷനിലുമെത്താൻ കൂടുതൽപേർ ആശ്രയിക്കുന്ന വഴിയാണിത്. വലിയ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനുള്ള വീതിയില്ലാത്തതിനാൽ സ്കൂട്ടർ യാത്രികരും ഓട്ടോറിക്ഷകളുമാണ് ഇതുവഴി കൂടുതലെത്തുന്നത്. മഴ ശക്തമായതോടെ തകർന്ന റോഡിലൂടെയുള്ള കാൽനയാത്രയും ബുദ്ധിമുട്ടാവുകയാണ്. ഇതോടെ വിദ്യാർത്ഥികളും കയർ മെഷിനറി ഫാക്ടറിയിലേക്കുള്ളവരും ജനകീയ ഹോട്ടൽ തേടിയെത്തുന്നവരും ഇടവഴി ഒഴിവാക്കി വൈ.എം.സി.എ റോഡിലെ തിരക്കിലൂടെ കടക്കേണ്ട അവസ്ഥയാണ്.

ടെൻഡറിൽ പ്രതീക്ഷ

എം.എൽ.എയുടെ സിറ്റി റോഡ് പദ്ധതിയുടെ ഭാഗമായി ഈ റോഡിന് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. ഇതേ റൂട്ടിലെ പ്രസ് ക്ലബ് റോഡ്, കയർ ഫാക്ടറി - പഴയ ലേബർ ഓഫീസ് റോഡ്, കമ്മിഷണർ ക്വാർട്ടേഴ്സ് റോഡ് എന്നിവയ്ക്കും പദ്ധതിയിൽ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

വാഹനങ്ങളുടെ തിരക്കിൽപ്പെടാതെ പോകാനാണ് ഈ റോഡ് ഉപയോഗിക്കുന്നത്. പക്ഷേ ഇതിനകം പല തവണ ഇവിടെ സൈക്കിൾ മറിഞ്ഞ് അപകടമുണ്ടായി. റോഡ് എത്രയും വേഗം ശരിയാക്കണം

വിദ്യാർത്ഥികൾ

സിറ്റി റോ‌ഡ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന റോഡാണിത്. ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് രണ്ട് മാസത്തിനകം റോഡിന്റെ നിർമ്മാണം ആരംഭിക്കും

കെ.ബാബു, കൗൺസിലർ, കിടങ്ങാംപറമ്പ് വാർഡ്