ആലപ്പുഴ: മഴ കനത്തതോടെ രൂക്ഷമായ വെള്ളക്കെട്ട് മൂലം, തകഴിയിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റിയിടൽ ഇന്നലെ നിറുത്തിവച്ചു.

അമ്പലപ്പുഴ- തിരുവല്ല റോഡിൽ തകഴി കേളമംഗലം ഭാഗത്തെ 1525 മീറ്റർ നീളത്തിലെ നിലവാരം കുറഞ്ഞ പൈപ്പാണ് മാറ്റേണ്ടത്. മൂന്ന് മാസം മുമ്പാണ് പൈപ്പ് മാറ്റിയിടൽ ആരംഭിച്ചത്. 487 മീറ്റർ ഒഴികെയുള്ള ഭാഗങ്ങളിൽ പൈപ്പ് സ്ഥാപിച്ചിരുന്നു. ഒരുമീറ്റർ വ്യാസമുള്ള എം.എസ് പൈപ്പ് 2.5 മീറ്റർ താഴ്ചയിൽ കുഴിയെടുത്ത് വേണം സ്ഥാപിക്കേണ്ടത്. കുഴിയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതാണ് തടസമാകുന്നത്. ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും അറ്റകുറ്റപ്പണിക്കായി കുറഞ്ഞത് അഞ്ച് മുതൽ ഏഴ് ലക്ഷം രൂപവരെ ചെലവഴിക്കേണ്ടിവരും. 30ന് പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഓണത്തിന് മുമ്പ് ജോലി പൂർത്തിയാക്കാനാവാത്ത അവസ്ഥയാണ്.