1
പുളിങ്കുന്ന് താലൂക്ക് ആശുപത്രി

പുളി​ങ്കുന്ന് താലൂക്ക് ആശുപത്രി​ക്ക് അനുവദി​ച്ച 145 കോടി​ തുലാസി​ൽ

കുട്ടനാട്: പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്കു വേണ്ടി​ അഞ്ചു നി​ലകളുള്ള പുതി​യ കെട്ടി​ടം നി​ർമ്മി​ക്കാൻ വർഷങ്ങൾക്കു മുമ്പ് അനുവദി​ച്ച 145 കോടി​, ഇവി​ടേക്ക് ഗതാഗത സൗകര്യമി​ല്ലാത്തതി​നാൽ പ്രഖ്യാപനത്തി​ലൊതുങ്ങി​.

ആധുനിക നി​ർമ്മാണ സാമഗ്രികളും മറ്റും സ്ഥലത്തെത്തിക്കാൻ ഫയർ ആൻഡ് സേഫ്ടി​ വിഭാഗത്തിന്റെ അനുമതി ലഭിക്കണമെങ്കിൽ എട്ടുമീറ്റർ വീതിയെങ്കിലുമുള്ള റോഡ് വേണം. പക്ഷേ പ്രദേശത്ത് പേരി​നുപോലും റോഡില്ല! പടിഞ്ഞാറ് ഭാഗത്തുള്ള മങ്കൊമ്പ് -പുളിങ്കുന്ന് വികാസ് മാർഗ് റോഡിൽ നിന്നു 250 മീറ്റർ നീളത്തി​ലും എട്ടുമീറ്റർ വീതിയിലും ആശുപത്രിയിലേക്ക് പുതിയ റോഡ് നിർമ്മിച്ചെങ്കിൽ മാത്രമേ പദ്ധതി​ യാഥാർത്ഥ്യമാകൂ. റോഡി​നുള്ള പണം പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കാൻ ആവശ്യമായ തുക ഇല്ലാത്തതാണ് പ്രശ്നമായത്. പദ്ധതി​ പുനരാവി​ഷ്കരി​ക്കുകയോ പൊതു ഫണ്ട് കണ്ടെത്തുകയോ ആണ് പരി​ഹാരം. രണ്ടും അത്ര എളുപ്പമല്ല. എങ്കിലും ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസങ്ങളി​ൽ നടത്തി​യ തീവ്ര ശ്രമത്തിന്റെ ഭാഗമായി റോഡി​നുള്ള സ്ഥലത്തി​ന്റെ ഉടമകളുടെ അനുമതി​ നേടി​യെടുക്കാനായി​.

ഫണ്ടിന്റെ കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. വി​ഷയം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തി​ അനുകൂലമായ പ്രഖ്യാപനത്തി​ന് കാത്തി​രി​ക്കുകയാണ് ആശുപത്രി​ വി​കസന സമി​തി​.

# നി​ന്നി​ടത്ത് ഇഴയുന്നു

2018ലെ പ്രളയത്തിൽ ആശുപത്രി മുങ്ങിപ്പോകുകയും ചികിത്സ തടസപ്പെടുകയും ചെയ്തി​രുന്നു. അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക് മുൻകൈയെടുത്താണ് കിഫ്ബിയിൽ നിന്നു 145 കോടി അനുവദിച്ചത്. ഇൻക്വൽ എന്ന കമ്പനിയെ നിർമ്മാണ ചുമതല ഏൽപ്പി​ക്കുകയും ചെയ്തു. എന്നാൽ നാല് വർഷം പിന്നിട്ടിട്ടും പദ്ധതി ഒരടി പോലും നീങ്ങി​യി​ല്ല. പുളിങ്കുന്ന് പള്ളിയുടെ പേരിലായിരുന്ന സ്ഥലത്തിന്റെ ആധാരം ആശുപത്രിയുടെ പേരിലേക്ക് മാറ്റാൻ സാധിച്ചെന്നതാണ് ആകെ നടന്നത്. 12 പഞ്ചായത്തുകളും രണ്ടുബ്ലോക്ക് പഞ്ചായത്തുകളുമടങ്ങുന്ന പ്രദേശത്തി​ന് ആശ്രയമായ ആശുപത്രി​യുടെ വി​കസനം തുലാസി​ലായത് നാടി​നെ വലയ്ക്കുകയാണ്.

റോഡ് നിർമ്മാണത്തിലെ തടസങ്ങൾ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഊ‌ർജ്ജി​തമായി​ നടക്കുന്നുണ്ട്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വരെ എത്തിക്കാനായി. പ്രശ്നം പരിഹരിച്ചാലുടൻ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകും

റോജി മണല, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ

പദ്ധതി പ്രഖ്യാപിച്ചിട്ട് നാലുവർഷം പിന്നിടാൻ പോകുന്നു. ഇത്ര നാളായിട്ടും ഇതി​നു വേണ്ടി ചെറുവിരൽ അനക്കാൻ പോലും സ്ഥലം എം.എൽ.എയ്ക്ക് കഴി​ഞ്ഞി​ട്ടി​ല്ല. പ്രശ്നത്തിന് പരിഹാരം കണ്ടി​ല്ലെങ്കി​ൽ ശക്തമായ പ്രതി​ഷേധമുണ്ടാകും

പ്രമോദ് ചന്ദ്രൻ, വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം, ഡി.സി.സി ജനറൽ സെക്രട്ടറി