ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായുള്ള ക്യാപ്‌ടൻസ് മീറ്റിംഗ് 27ന് വൈ.എം.സി.എ ഹാളിൽ നടക്കും. വള്ളംകളിക്കായി ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽ നിന്നും രജിസ്‌ട്രേഷൻ ഫോം വാങ്ങിയ എല്ലാ ചുണ്ടൻ വള്ളങ്ങളുടെയും മറ്റ് കളിവള്ളങ്ങളുടെയും ക്യാപ്‌ടൻമാരും ലീഡിംഗ് ക്യാപ്‌ടൻമാരും മീറ്റിൽ പങ്കെടുക്കണമെന്ന് ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറായ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി അറിയിച്ചു.

തുഴച്ചിൽക്കാരുടെ ഫോറം സമർപ്പിക്കാം

നെഹ്രു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിൽക്കാർ ഫോറം പൂരിപ്പിച്ച് നൽകുന്നതിനുള്ള സമയപരിധി 29ന് അവസാനിക്കും. ഫോം കൈപ്പറ്റിയവർ ബോട്ട് ജെട്ടിക്ക് എതിർവശത്തുള്ള മിനി സിവിൽ സ്റ്റേഷൻ അനക്‌സിന്റെ രണ്ടാം നിലയിലെ ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിൽ എത്തിക്കണം.

വ്യോമസേനയുടെ അഭ്യാസപ്രകടനം

നെഹ്രു ട്രോഫി ജലമേളയോടനുബന്ധിച്ച് വ്യോമസേന അഭ്യാസപ്രകടനം നടത്തും. ഇതി​ന് മുന്നോടിയായി വിംഗ് കമാൻഡർ ആർ. അനിലിന്റെ നേത്യത്വത്തിലുള്ള പത്തംഗ സംഘം സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ പുന്നമട ഫിനിഷിംഗ് പോയിന്റ് വരെയുള്ള മേഖലയും നെഹ്‌റു പവലിയനും സന്ദർശിച്ചു. സബ് കളക്ടർ സൂരജ് ഷാജി, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം.