ഹരിപ്പാട്: ഭരണഘടന പദവിയുടെ എല്ലാ അന്തസും നഷ്ടപ്പെടുത്തുന്ന കേരള ഗവർണറുടെ നിലപാട് അപലപനീയമാണെന്നും തിരുത്തണമെന്നും സി.പി.ഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പൊതു, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പുരോഗതിക്ക് വേണ്ടിയുള്ള പ്രതിജ്ഞാബദ്ധമായ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്. സർവകലാശാല പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാൻ ആണ് ഗവർണർ ശ്രമിക്കുന്നത്. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ നിലവാരത്തിലേക്ക് ഗവർണർ തരം താഴരുത്.
കയർ വ്യവസായ പ്രതിസന്ധിയെക്കുറിച്ച് പഠിക്കാനോ പരിഹാരം കണ്ടെത്താനോ വകുപ്പ് മന്ത്രി തയ്യാറാകുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. പരമ്പരാഗത കയർ വ്യവസായം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ നേരിടുകയാണ്. തൊഴിലാളികൾക്ക് അനുകൂലമായ നിയമനിർമ്മാണം നടത്തി അവരെ സംരക്ഷിക്കണം. തോട്ടപ്പള്ളി പൊഴിമുഖത്ത് നടക്കുന്ന കരിമണൽ കൊള്ള അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.