 
അമ്പലപ്പുഴ: വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴയിൽ നടക്കുന്ന ഗണേശോത്സവത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ടി.കെ.ഹരികുമാർ അദ്ധ്യക്ഷനായി. അമ്പലപ്പുഴ ക്ഷേത്രം പടിഞ്ഞാറെ നടയിൽ നിന്നു യജ്ഞവേദിയായ വാസുദേവം ഹാളിലേക്ക് വിഗ്രഹം ഘോഷയാത്രയായാണ് എത്തിച്ചത്.
അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഭഗവതിസേവ, ഗണേശപൂജ, നാരായണീയ പാരായണം, ഭജൻസ്, പ്രഭാഷണം തുടങ്ങിയ ചടങ്ങുകളോടെയുള്ള ആഘോഷങ്ങൾക്ക് അമ്പലപ്പുഴ ക്ഷേത്രം മേൽശാന്തി ബ്രഹ്മദത്തൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. ആഗസ്റ്റ് 31ന് ഘോഷയാത്രയായി അമ്പലപ്പുഴ സമുദ്രത്തിൽ നിമജ്ജനം ചെയ്യും. വ്യാസമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി സജീവൻ ശാന്തി ദീപ പ്രോജ്വലനം നടത്തി. ഡോ. അമ്പലപ്പുഴ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് സംഘചാലക് ബി.മുരളീധരൻ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി ആർ. രതീഷ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം വൈസ് ചെയർമാൻ എം.ജയകൃഷ്ണൻ സ്വാഗതവും ജനറൽ കൺവീനർ എൻ.വിജയകുമാർ നന്ദിയും പറഞ്ഞു.