
മാവേലിക്കര : ആഗസ്റ്റ് 25 മുതൽ 28 വരെ ഡൽഹിയിൽ സെറിബ്രൽ പാൾസി വിഭാഗം കുട്ടികൾക്കായി നടക്കുന്ന ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ പെൺകുട്ടികളുടെ വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട റിയ കോശിക്ക് മാവേലിക്കര ബി.ആർ.സി യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കേരളത്തിൽ നിന്നും ആദ്യമായാണ് ഒരു പെൺകുട്ടി ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തട്ടാരമ്പലം പേള പാറയിൽ വീട്ടിൽ കോശി മാത്യുവിന്റേയും ദിവ്യയുടേയും മകളായ റിയ മറ്റം സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിലെ 9ാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
യാത്രയയപ്പ് ചടങ്ങിൽ മാവേലിക്കര ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ പി.പ്രമോദ്, പരിശീലകരായ സി.ജ്യോതികുമാർ, ജി.സജീഷ്, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ കെ.അമ്പിളിക്കല, മിനിമോൾ തോമസ്, ഷൈജ.എ, മാലു വസന്തൻ എന്നിവർ പങ്കെടുത്തു.