ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജില്ലാ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി സ്ത്രീകൾക്കു വേണ്ടി കാവൽ എന്ന പേരിൽ സംഘടിപ്പിക്കുന്ന കാൻസർ രോഗ നിർണയ ക്യാമ്പുകൾക്ക് തുടക്കമായി. മാവേലിക്കര ജില്ലാ ആശുപത്രിയിൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. വരും ദിവസങ്ങളിൽ 12 ആരോഗ്യ ബ്ലോക്കുകളിൽ ഭവനസന്ദർശനം നടത്തി കാവൽ കാമ്പുകളിലൂടെ രോഗ നിർണയം നടത്തും. ആദ്യദിനത്തിൽ കുറത്തികാട് ആരോഗ്യ ബ്ലോക്കിൽ നടന്ന ക്യാമ്പിൽ 120 സ്ത്രീകൾ പങ്കെടുത്തു. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുന വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ.ജിനേഷ്, വാർഡ് കൗൺസിലർ വിനു വർഗീസ്, ആശുപത്രി ആർ.എം.ഒ ഡോ.വി.വി.റാണിമോൾ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ പേര് നിർദേശിക്കുന്നതിന് പൊതുജനങ്ങളിൽ നിന്നും എൻട്രി ക്ഷണിച്ചിരുന്നു. കാവാലം കളത്തൂർ എം.സി.ഗിരിജ കുമാരിയാണ് കാവൽ എന്ന പേര് നിർദേശിച്ചത്.