photo
മണിയപ്പൻ

ആലപ്പുഴ: നിയന്ത്രണം വിട്ട ചരക്കു ലോറി ഇടിച്ച് മറിഞ്ഞ ഇൻസുലേറ്റഡ് ലോറി​യുടെ അടിയിൽ ബൈക്കുമായി​ കുടുങ്ങി​യ മത്സ്യവില്പനക്കാരന് ദാരുണാന്ത്യം. മുഹമ്മ പഞ്ചായത്ത് ആറാം വാർഡ് കെ.ജി കവല ചാണിവെളിയിൽ മണിയപ്പൻ (59) ആണ് മരിച്ചത്. ഇൻസുലേറ്റഡ് വാൻ ഉടമ ചേർത്തല തൈക്കൽ വടക്കേ പീടീകയിൽ ഭാർഗവൻ (72), ഡ്രൈവർ കടക്കരപ്പള്ളി കുടയത്ത് പറമ്പ് (പൗർണമിയിൽ) സുധീർ (52) എന്നിവരെ പരിക്കുകളുടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 4.45ന് ദേശീയപാതയിൽ കലവൂർ ജംഗ്ഷന് സമീപത്തെ പാർവ്വതി ഐസ് പ്‌ളാന്റിന് മുന്നിലായിരുന്നു അപകടം.

ബൈക്കി​ൽ മീൻ പെട്ടി​യുമായി​ ദേശീയപാതയി​ലേക്ക് കടക്കാൻ കാത്തു നി​ൽക്കവേയാണ് മണി​യപ്പൻ അപകടത്തി​ൽപ്പെട്ടത്. നിയന്ത്രണം വിട്ട തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ചരക്ക് ലോറി മീൻ കയറ്റിക്കൊണ്ടിരുന്ന ഇൻസുലേറ്റഡ് വാഹനത്തിന്റെ പി​ന്നി​ൽ ഇടിക്കുകയായിരുന്നു. മറി​ഞ്ഞ വണ്ടി​യുടെ അടി​യി​ൽ ആളുണ്ടെന്നറി​ഞ്ഞ് ക്രെയിനി​ന്റെ സഹായത്താൽ ഉയർത്തിയാണ് മണിയപ്പനെ പുറത്തെടുത്തത്. ഉടൻ തന്നെ ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ സമീപത്തെ ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. മണ്ണഞ്ചേരി പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: രത്‌നമ്മ. മക്കൾ: മനോജ്, രശ്മി. മരുമകൻ: മനു.