മാന്നാർ : കുടുംബശ്രീ കാൽനൂറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് രജത ജൂബിലി ആഘോഷം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 ന് മാന്നാർ പന്നായിക്കടവിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയിൽ വിവിധ കലാപരിപാടികളും നിശ്ചല ദൃശ്യങ്ങളും അവതരിപ്പിക്കും. തുടർന്ന് ആര്യാട്ട് ഹാളിൽ നടക്കുന്ന സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കും. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രശാന്ത് ബാബു ഉന്നത വിജയംനേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സ്ഥിരം സമിതി അദ്ധ്യക്ഷരായ സലിം പടിപ്പുരയ്ക്കൽ, ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗം ശിവപ്രസാദ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഗീത ഹരിദാസ്, വൈസ് ചെയർപേഴ്‌സൺ സുശീല സോമരാജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.