ചേർത്തല: വാരനാട് യുണൈറ്റഡ് ബ്രീവറീസിലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള മാനേജ്മെന്റ് നടപടികളെ തുടർന്ന് മന്ത്രിതലത്തിൽ നിശ്ചയിച്ച ചർച്ച മുടങ്ങി. വ്യാഴാഴ്ച തൊഴിൽ വകുപ്പുമന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിദ്ധ്യത്തിലാണ് തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം തിരുവനന്തപുരത്തു നിശ്ചയിച്ചത്. എന്നാൽ മാനേജ്‌മെന്റ് പ്രതിനിധികൾ എത്താത്തതിനാൽ ഓണത്തിനു ശേഷം ചേരാനായി യോഗം മാറ്റി.
43 സ്ഥിരം തൊഴിലാളികളും 180 ഓളം കരാർതൊഴിലാളികളുമാണുള്ളത്. പിരിഞ്ഞു പോകാൻ ഇവർക്കു നോട്ടീസ് നൽകിത്തുടങ്ങി. പ്രവർത്തനത്തിന് കൂടുതൽ സ്ഥലം വേണമെന്ന് കമ്പനി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു ലഭിക്കാത്തതാണ് പിരിച്ചുവിടലിനു കാരണമായി പറയുന്നത്.
ഒരുകാലത്ത് സംസ്ഥാനത്ത് ലഭിച്ചിരുന്ന ബിയറിന്റെ വലിയപങ്കും ഇവിടെയാണ് ഉത്പാദിപ്പിച്ചിരുന്നത്. തൊഴിലാളി സംഘടനകളുമായി ചർച്ചചെയ്യാതെയാണ് കമ്പനിയുടെ നടപടിയെന്നാരോപിച്ച് സംഘടനകൾ പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് മന്ത്രിതലത്തിൽ ചർച്ച തീരുമാനിച്ചത്.