മാന്നാർ: തനിച്ച് താമസിച്ചിരുന്നയാളുടെ മൃതദേഹം വീട്ടിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തി. മാന്നാർ പാവുക്കര രണ്ടാം വാർഡ് വിഷവർശേരിക്കര പൂരാലിൽ പരേതരായ ചോതിയുടെയും വെളുമ്പിയുടെയും ഏക മകൻ വിജയകുമാറാണ് (48) മരിച്ചത്.
ചെറുപ്പത്തിലേ തന്നെ പിതാവും മൂന്നു വർഷം മുമ്പ് മാതാവും മരിച്ചതോടെ ഒറ്റയ്ക്ക് വീട്ടിൽ കഴിഞ്ഞിരുന്ന വിജയകുമാർ അവിവാഹിതനാണ്. മാന്നാർ ഗ്രാമപഞ്ചായത്തിലെ ആശ്രയ പദ്ധതിയിൽ അംഗമായിരുന്ന വിജയകുമാറിന് ഓണക്കിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയവർഅസഹ്യ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു മുറി മാത്രമുള്ള വീട്ടിൽ പുഴുവരിച്ച മൃതദേഹം കണ്ടെത്തിയത്. മാന്നാർ പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് പാവുക്കര പുലയർ കരയോഗ ശ്മശാനത്തിൽ സംസ്കരിക്കും.