ph
കാമറകൾ

കായംകുളം : കായംകുളം നഗരത്തിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ കായംകുളം പൊലീസ്‌ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച് 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കും. കുറ്റവാളികളെ തെളിവ് സഹിതം അകത്താക്കി ജനങ്ങളുടെ സ്വൈര ജീവിതം ഉറപ്പാക്കാനാണ് പദ്ധതിയെന്ന് പൊലീസ് വ്യക്തമാക്കി.
നഗരസഭ ചെയർപേഴ്സൺ പി.ശശികല,കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി ,സി.ഐ മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം,പിടിച്ചുപറി, മയക്കു മരുന്ന് വിപണനം, സ്തീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടങ്ങിയവയ്ക്ക് തടയിടാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, ഗോൾഡ് മർച്ചന്റ് അസോസിയേഷൻ, വിവിധ റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റിയും രൂപീകരിച്ചു.

കാമറകൾ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും

നഗരസഭ, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ഗോൾഡ് മർച്ചന്റ് അസോസിയേഷൻ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെ നഗരത്തിലെ വിവിധയിടങ്ങളിലും സർക്കാർ ആശുപത്രിയിലും സ്ഥാപിച്ചിട്ടുള്ള കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ വൈ ഫൈ മുഖാന്തിരവും, കേബിൾ വഴിയും പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും. കൂടുതൽ കാമറകൾ സ്ഥാപിക്കുകയും കേടായവയുടെ അറ്റകുറ്റപ്പണി നടത്തുകയും ചെയ്യും.

ക്രമസമാധാന പാലനം കാര്യക്ഷമമാക്കുവാനും കുറ്റവാളികളെ വേഗം പിടികൂടാനും സഹായകരമാകുന്നതാണ് പദ്ധതി

-അലക്സ് ബേബി

ഡിവൈ.എസ്.പി ,കായംകുളം.