ഹരിപ്പാട്: കരുവാറ്റാ ഗ്രാമപഞ്ചായത്തിൽ ബന്ദിപൂ കൃഷി വിളവെടുപ്പിന് തയ്യാറെടുക്കുന്നു. 2, 3, 4, 6, 7, 9, 12, 15 വാർഡുകളിലെ 20 ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി. തരിശുഭൂമി തൊഴിലുറപ്പിൽ ഉൾപ്പെടുത്തി നിലമൊരുക്കിയാണ് കൃഷിയാരംഭിച്ചത്. അത്യുൽപാദന ശേഷിയുള്ള തൈകൾ കരുവാറ്റാ കൃഷിഭവന്റെ നേതൃത്വത്തിൽ വിതരണം ചെയ്ത് ജൂലായ് ആദ്യവാരമാണ് കൃഷി ഇറക്കിയത്. ബന്ദി കൂടാതെ വാടാമല്ലിയും കൃഷി ചെയ്തിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, സെക്രട്ടറി സി.വി.അജയകുമാർ, കൃഷി ഓഫീസർ മഹേശ്വരി, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ശ്രീലേഖ മനു, ഷീബ ഓമനക്കുട്ടൻ, തൊഴിലുറപ്പ് അക്രഡിറ്റഡ് എൻജിനീയർ അമ്പിളി, സേതുമാധവൻ എന്നിവർ കൃഷിസ്ഥലങ്ങൾ സന്ദർശിച്ചു. 29ന് വിളവെടുപ്പ് ഉത്സവം നടത്തി ഉത്രാടം നാൾ മുതൽ വിൽപ്പന ആരംഭിക്കും.