ആലപ്പുഴ: അമൃത് പദ്ധതി പ്രകാരം കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി പൊളിച്ച കൈതവനയിലെ റോഡുകളുടെ നിർമ്മാണം ഇഴയുന്നു . ഓണമടുത്തിട്ടും നവീകരണത്തിന്റെ ഭാഗമായി മെറ്റൽ വിരിച്ചതല്ലാതെ തുടർ ജോലികളൊന്നും നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മെറ്റൽ റോഡിലൂടെയുള്ള ഇരുചക്ര വാഹനയാത്ര ദുഷ്ക്കരമാണെന്ന് പ്രദേശവാസികൾ പറയുന്നത്. മുമ്പ് നടത്തിയ നിർമ്മാണത്തിന്റെ ബിൽ പാസാകാത്തതിനെ തുടർന്നാണ് കരാറുകാർ പണി പാതിവഴിയിലുപേക്ഷിച്ചതെന്ന് ആക്ഷേപമുണ്ട്. കൈതവന കുരിശടിക്ക് എതിർവശത്തെ റോഡ്, ഗണപതിക്ഷേത്രത്തിന് സമീപത്ത് നിന്ന് ഉള്ളിലേക്കുള്ള റോഡ്, എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപത്തെ റോഡ് എന്നിവയാണ് നിർമ്മാണ പ്രവർത്തനം നിലച്ച റോഡുകൾ. തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഇരുചക്ര വാഹന യാത്രികർ കുഴിയിൽ വീണ് അപകടം ഉണ്ടാകുന്നത് പതിവാകുകയാണ്. റോഡ് പണി ഉടനാരംഭിക്കണമെന്നും നിലവിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

..........

''മെറ്റലിളകി കിടക്കുന്നതിനാൽ ഏറെ പ്രയാസപ്പെട്ടാണ് ഇരുചക്രവാഹനം ഓടിക്കുന്നത്. അപകടങ്ങൾ ക്ഷണിച്ചുവരുത്താതെ എത്രയും വേഗം റോഡ് നന്നാക്കി തരണം.

അജയൻ, കൈതവന നിവാസി

''കരാറുകാരുടെ മുൻകുടിശ്ശിക തുകയെല്ലാം നഗരസഭയിൽ നിന്ന് നൽകി തീർത്തിട്ടുണ്ട്. എല്ലാ ദിവസവും വിളിക്കുന്നുണ്ട്. ഓണത്തിന് മുമ്പ് നവീകരണം പൂർത്തിയാക്കാമെന്നാണ് കരാറുകാർ ഉറപ്പു നൽകിയിരിക്കുന്നത്.

എസ്.മനീഷ, കൗൺസിലർ, സനാതനപുരം വാർഡ്