 
ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിന് മുഖ്യാതിഥിയായി കേന്ദ്രമന്ത്രി അമിത് ഷായെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. സെപ്തംബർ രണ്ടിന് കോവളത്ത് നടക്കുന്ന മുപ്പതാമത് സതേൺ സോണൽ കൗൺസിൽ മീറ്റിംഗിൽ പങ്കെടുക്കാൻ അമിത് ഷാ എത്തുന്നുണ്ട്. അതിനാൽ ഒരു ദിവസം കൂടി കേരളത്തിൽ തങ്ങി നെഹ്റുട്രോഫി ജലോത്സവം കാണാൻ അദ്ദേഹമെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വളളംകളി കാണാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് ലഭ്യമാക്കാനുള്ള ക്രമീകരണമാണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്. ഗതാഗത സെക്രട്ടറി കൂടിയായ കെ.എസ്.ആർ.ടി.സി എം.ഡി ബിജുപ്രഭാകറും സബ് കളക്ടർ സൂരജ് ഷാജിയും നടത്തിയ ചർച്ചയിലാണ് മറ്റ് ജില്ലകളിൽ നിന്നെത്തുന്നവർക്ക് കൂടി ടിക്കറ്റ് ഉറപ്പാക്കാൻ പദ്ധതിയൊരുക്കുന്നത്. 500, 1000 രൂപ ടിക്കറ്റാണ് യാത്രക്കാർക്ക് ലഭ്യമാക്കുക. ജലോത്സവത്തിന് ഒരു ദിവസം മുമ്പെങ്കിലും 9846475874, 9947110905 നമ്പറുകളിൽ വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്യണം.
# കമന്ററി മത്സരം ഇന്ന്
കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന കമന്ററി മത്സരം ഇന്ന് രാവിലെ 10.30ന് ആലപ്പുഴ സെന്റ് ജോസഫ്സ് വിമൻസ് കോളേജിൽ നടക്കും. മത്സരവേദിയിൽ പ്രദർശിപ്പിക്കുന്ന, ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിന്റെ തത്സമയ മലയാളം കമന്ററിയാണ് അവതരിപ്പിക്കേണ്ടത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കു പുറമെ ഇന്ന് രാവിലെ മത്സരവേദിയിൽ എത്തി രജിസ്റ്റർ ചെയ്യുന്നവർക്കും പങ്കെടുക്കാം. ഫോൺ: 7025608507
# ബോട്ടുകൾ മാറ്റണം
മത്സര ട്രാക്കിന്റെ ആഴം കൂട്ടാനും ട്രാക്ക് കുറ്റികൾ സ്ഥാപിക്കാനുമായി പുന്നമട സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുളള ബോട്ടുകൾ ഇന്നു രാവിലെ മുതൽ സെപ്തംബർ അഞ്ചിന് വൈകിട്ട് അഞ്ചു വരെ മാറ്റി പാർക്ക് ചെയ്യണമെന്ന് ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഹൗസ് ബോട്ടുകളും ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും ഇവിടെനിന്ന് മാറ്റണം.
# ട്രാക്ക് ആൻഡ് ഹീറ്റ്‌സ് നറുക്കെടുപ്പ്
ജലോത്സവത്തിൽ മത്സരിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കളക്ടർ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം നിർവഹിക്കും.
# ക്യാപ്റ്റൻസ് ക്ലിനിക്
വള്ളംകളിക്കു മുന്നോടിയായുള്ള ക്യാപ്ടൻസ് ക്ലിനിക്ക് ഇന്ന് രാവിലെ 10ന് ആലപ്പുഴ വൈ.എം.സി.എ ഹാളിൽ കളക്ടർ വി.ആർ.കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. എല്ലാ ചുണ്ടൻ വള്ളങ്ങളുടെയും മറ്റ് കളിവള്ളങ്ങളുടെയും ക്യാപ്ടൻമാരും ലീഡിംഗ് ക്യാപ്ടൻമാരും നിർബന്ധമായും മീറ്റിൽ പങ്കെടുക്കണമെന്ന് ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ അറിയിച്ചു.
ക്യാപ്ടനും ലീഡിംഗ് ക്യാപ്ടനും മീറ്റിംഗിൽ പങ്കെടുക്കാത്ത വള്ളങ്ങളുടെ ബോണസിൽ 25 ശതമാനം കുറവുണ്ടാകുമെന്ന് എൻ.ടി.ബി.ആർ സൊസൈറ്റി അറിയിച്ചു.