 
ആലപ്പുഴ: കായൽ ശുചിത്വ ബോധവത്കരണവുമായി നഗരസഭയുടെ ഹരിതകർമ്മസേന ടീം നെഹ്റുട്രോഫിയിലെ തെക്കനോടി വിഭാഗത്തിൽ തുഴയും. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ക്യാപ്ടനായും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബീന രമേശ് വൈസ് ക്യാപ്ടനായും ദേവസ് തെക്കനോടി വള്ളത്തിലാണ് മത്സരിക്കുക.
കായലിന്റെയും കനാലുകളുടെയും മലിനീകരണത്തിനെതിരെ വനിത പ്രതിരോധം എന്ന നിലയിലാണ് വള്ളംകളിയുടെ ചരിത്രത്തിൽ ആദ്യമായി ഹരിതകർമ്മസേന മത്സരിക്കുന്നത്. ജയിച്ചാലും തോറ്റാലും വള്ളം കളിയുടെ അന്നു തന്നെ ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം ശുചീകരിച്ചിട്ടു മാത്രമേ ഹരിത കർമ്മ സേനക്കാർ വീടണയൂ. പവിലിയനുകളിലും നഗരസഭയുടെ മൂന്ന് പ്രോട്ടോക്കോൾ പോയിന്റുകളുമടക്കം പ്രധാന കേന്ദ്രങ്ങളിലും ഹരിത പ്രോട്ടോക്കോൾ പാലിക്കാൻ വോളണ്ടിയർമാരായും ഹരിതകർമ്മ സേനാംഗങ്ങൾ നിലകൊള്ളും. സാംസ്‌കാരിക ജാഥയിലും ഹരിത കർമ്മസേന പങ്കാളികളാകുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, ഉപാദ്ധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു.