photo
നഗരസഭ ജീവനക്കാർ കൊടിതോരണങ്ങൾ നീക്കുന്നു

ചേർത്തല: എക്സ്റേ കവലയിൽ എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സ്ഥാപിച്ച കൊടിതോരണങ്ങൾ നീക്കിയതിൽ വ്യാപക പ്രതിഷേധം. ഇന്ന് രാവിലെ യൂണിയൻ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തും.

കോടതി ഉത്തരവിനെ തുടർന്ന് നഗരസഭ ജീവനക്കാരാണ് വെള്ളിയാഴ്ച ഉച്ചയോടെ കൊടിതോരണങ്ങൾ നഗരസഭയിലേക്ക് മാ​റ്റിയത്. എന്നാൽ മ​റ്റു സംഘടനകളുടെ കൊടികളൊന്നും മാ​റ്റാതെ ഗുരുജയന്തിയുടെ ഭാഗമായി സ്ഥാപിച്ച കൊടികൾ മാത്രം മാ​റ്റിയത് ശ്രീനാരായണ പ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണെന്ന് ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ ആരോപിച്ചു.മുന്നറിയിപ്പുകൾ നൽകുകയോ നീക്കാൻ ആവശ്യപ്പെടുകയോ ചെയ്യാതെയാണ് നഗരസഭ ഉദ്യോഗസ്ഥരുടെ നടപടി. ആവശ്യപ്പെട്ടാൽ നീക്കുമെന്നറിഞ്ഞിട്ടും നടപടി ബോധപൂർവമാണെന്ന് അനിയപ്പൻ പറഞ്ഞു.

നഗരത്തിലാകെ പൊതുനിരത്തുകൾ കയ്യേറി സ്ഥാപിച്ചിട്ടുള്ള തോരണങ്ങളൊന്നും നീക്കാതെയാണ് യൂണിയൻ സ്ഥാപിച്ച കൊടികൾ മാത്രം നീക്കിയത്. ശനിയാഴ്ച രാവിലെ 9.30ന് പ്രകടനത്തിനു ശേഷം നടക്കുന്ന ധർണ യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്യും. ടി.അനിയപ്പൻ അദ്ധ്യക്ഷനാകും.
എന്നാൽ കോടതി ഉത്തരവിനെ തുടർന്നുള്ള നടപടിയുടെ ഭാഗമായാണ് ദേശീയപാത ഡിവൈഡറിൽ സ്ഥാപിച്ച കൊടികൾ നീക്കിയതെന്ന് നഗരസഭ സെക്രട്ടറി ടി.കെ.സുജിത്ത് പറഞ്ഞു.