s

ആലപ്പുഴ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിന്റെ പിതാവിൽ നിന്ന് പലപ്പോഴായി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ. മാരാരിക്കുളം തെക്ക്പഞ്ചായത്ത് 14-ാം വാർഡ് കാട്ടൂർ തട്ടാംതയ്യിൽ മോഹൻദാസിൽ നിന്നാണ് മകന് ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയത്. തുടർന്ന് ഒളിവിൽ പോയ പ്രതികളായ സുധീഷ്, അനീഷ്, സക്കീർ ഹുസൈൻ, ബിനീഷ് എന്നിവരെ മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പി.കെ. മോഹിതിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
പ്രതികളുടെ ടവർ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് സ്വദേശിയായ
സക്കീർ ഹുസൈനെ ചെന്നൈയിൽ നിന്നും പുന്നപ്ര സ്വദേശികളായ സുധീഷ് കുമാർ, ബിനീഷ് എന്നിവരെ മാരാരിക്കുളം, പുന്നപ്ര എന്നിവിടങ്ങളിൽ നിന്നും പിടികൂടി റിമാൻഡ് ചെയ്തു. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർ വിജയപ്പൻ, സിവിൽ പൊലീസ് ഓഫീസർ ശ്യാംകുമാർ, സി.എസ്. രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഒളിവിലുള്ള അനീഷിനായി അന്വേഷണം ഊർജ്ജിതമാക്കി.