ചേർത്തല: വാരനാട് മാക്ഡവൽ മദ്യനിർമ്മാണശാല സർക്കാർ ഏറ്റെടുക്കണമെന്ന് ജെ.എസ്.എസ് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയുടെ വ്യാവസായിക പുരോഗതിക്ക് അടിത്തറയിട്ട കെ.ആർ.ഗൗരിഅമ്മ മുൻകൈയെടുത്ത് സ്ഥാപിച്ച മാക്ഡവൽ കമ്പനി അടച്ചുപൂട്ടി. ഗ്ലാസ് ഫാക്ടറി, മണലിഷ്ടിക ഫാക്ടറി,സൂട്ടർ ഫാക്ടറി ഇവയെല്ലാം ഗൗരിഅമ്മയുടെ ശ്രമഫലമായുണ്ടായതാണ്. ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടിക്ക് തയ്യാറെടുക്കുമ്പോൾ സർക്കാരിന് ഏറെ വരുമാന സാദ്ധ്യതയുള്ള കമ്പനി സർക്കാർ ഏറ്റെടുക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.പൊന്നപ്പൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സർക്കാരിന് നിവേദനം നൽകാൻ ആർ.പൊന്നപ്പൻ, ജെ.ടി.യു.സി യൂണിയൻ ജനറൽ സെക്രട്ടറി ജ്ഞാന പ്രസാദ്,വൈസ് പ്രസിഡന്റ് പി.സി.സന്തോഷ് എന്നിവരുടങ്ങുന്ന സംഘത്തെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി.